ക്രമക്കേട് കണ്ടെത്തിയ എൻജിനീയറിംഗ് കോളജുകളുടെ അഫിലിയേഷൻ റദ്ദാക്കണമെന്ന് എഐഎസ്എഫ്

09:09 PM Feb 12, 2017 | Deepika.com
ചേർത്തല: ക്രമക്കേട് കണ്ടെത്തിയ എൻജിനിയറിംഗ് കോളജുകളുടെ അഫിലിയേഷൻ റദ്ദാക്കണമെന്ന് എഐഎസ്എഫ് ആലപ്പുഴ ജില്ലാ സമ്മേളനം പ്രമയേത്തിലൂടെ ആവശ്യപ്പെട്ടു. കേരളത്തിലെ 30 സ്വാശ്രയ എൻജിനിയറിംഗ് കോളജ് പ്രവേശനത്തിൽ ക്രമക്കേടുകൾ നടന്നതായി പ്രവേശനത്തിനു മേൽനോട്ടം വഹിക്കുന്ന അഡ്മിഷൻ സൂപ്പർവൈസറി കമ്മറ്റിയുടെ കണ്ടെത്തൽ ആശങ്കാജനകമാണ്. ഈ സാഹചര്യത്തിൽ ക്രമക്കേട് കണ്ടെത്തിയ കോളജുകളുടെ അഫിലിയേഷൻ റദ്ദാക്കണമെന്ന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

കാമ്പസുകളിൽ ഇടതുപക്ഷ പുരോഗമന വിദ്യാർഥി പ്രസ്‌ഥാനങ്ങളുടെ യോജിച്ച ഐക്യനിര രൂപപ്പെടണമെന്നും സോഷ്യൽ മീഡിയയിലെ അശ്ലീലപ്രയോഗങ്ങൾ നിയന്ത്രിക്കാൻ നിയമം കൊണ്ടുവരണമെന്നും പ്രമേയത്തിലൂടെ യോഗം ആവശ്യപ്പെട്ടു. എഐഎസ്എഫ് സംസ്‌ഥാന സെക്രട്ടറി ശുഭേഷ് സുധാകരൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. മന്ത്രി പി. തിലോത്തമൻ പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ്, സുകുമാരപിള്ള, എം.കെ ഉത്തമൻ, വി. മോഹൻദാസ്, ടി.ടി ജിസ്മോൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ.എസ് നിഷാദ്–പ്രസിഡന്റ്, എ.എം ആര്യ, വിവേക് വാസുദേവ്, ജെഫിൻ, സൂരജ്, സോമരാജൻ–വൈസ് പ്രസിഡന്റുമാർ, അനുശിവൻ–സെക്രട്ടറി, വിഷ്ണുചിത്രൻ, ഷെമീർ റോഷൻ, അസ് ലം ഷാ, വിപിൻദാസ്–ജോയിന്റ് സെക്രട്ടറിമാർ.