കോട്ടയം: ജില്ലയെ സന്പൂർണ വൈദ്യുതീകരണ ജില്ലയാക്കാനാവശ്യമായ ശേഷിക്കുന്ന തുക മുഴുവൻ ജില്ലാ പഞ്ചായത്ത് ലഭ്യമാക്കും. ഇതോടെ മാർച്ച് 31ന് കോട്ടയത്ത് സന്പൂർണ വൈദ്യുതീകരണ ജില്ലയാക്കുന്നതിന് തടസമായി നിന്ന സാന്പത്തിക പ്രതിസന്ധി ഒഴിവാകും. കെഎസ്ഇബി പദ്ധതിക്കു വേണ്ടി വകയിരുത്തിയിരുന്ന തുകയ്ക്ക് പുറമേ വേണ്ട തുക ജില്ലയിലെ നിയോജകമണ്ഡലങ്ങളിൽനിന്നുമായി എംഎൽഎ ഫണ്ട്, പഞ്ചായത്ത് വിഹിതം തുടങ്ങിയ ഇനങ്ങളിൽ സമാഹരിച്ചിരുന്നു. ഇതുകൊണ്ടും തികയാതെ വന്ന 75.15 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് നൽകുന്നത്.
ജില്ലാ പഞ്ചായത്ത് ലഭ്യമാക്കുന്ന തുക നിയോജകമണ്ഡലം തിരിച്ച്: വൈക്കം-5 ലക്ഷം, കടുത്തുരുത്തി-10 ലക്ഷം, ഏറ്റുമാനൂർ-3 ലക്ഷം, കോട്ടയം-1.31 ലക്ഷം, പുതുപ്പള്ളി-4.15 ലക്ഷം, ചങ്ങനാശേരി-3 ലക്ഷം, പൂഞ്ഞാർ-10 ലക്ഷം, പാലാ -19 ലക്ഷം, കാഞ്ഞിരപ്പള്ളി-1965 ലക്ഷം. ജില്ലാ പഞ്ചായത്തംഗങ്ങളും കെഎസ്ഇബി ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കെഎസ്ഇബിയെ പ്രതിനിധീകരിച്ച് കോട്ടയം ഡെപ്യൂട്ടി ചീഫ് എൻജിനിയർ ഉഷ വർഗീസ്, പാലാ ഡെപ്യൂട്ടി ചീഫ് എൻജിനിയർ സി.പി. ജോർജ് എന്നിവർ പങ്കെടുത്തു.
സന്പൂർണ വൈദ്യുതീകരണത്തിനു സഹായവുമായി ജില്ലാ പഞ്ചായത്ത്
12:37 AM Feb 10, 2017 | Deepika.com