ഒരുമയോടെ പ്രവർത്തിച്ച് ജില്ലയെ ലഹരിമുക്‌തമാക്കാം: മന്ത്രി എ.കെ ബാലൻ

11:33 PM Feb 09, 2017 | Deepika.com
പാലക്കാട്: ജില്ലയെ പരിപൂർണ ലഹരി മുക്‌തമാക്കാൻ വിവിധ സർക്കാർ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും ഒത്തൊരുമിച്ചുളള പ്രവർത്തനത്തിലൂടെ സാധിക്കുമെന്ന് പട്ടികജാതി– വർഗ–പിന്നാക്കക്ഷേമ– നിയമ–സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ പറഞ്ഞു.മദ്യവർജനത്തിന് ഊന്നൽ നൽകി ലഹരി ഉപയോഗം പൂർണമായും തടയുക ലക്ഷ്യമിട്ട് പാലക്കാട് ടൗൺഹാളിൽ സംസ്‌ഥാന സർക്കാർ ആവിഷ്ക്കരിച്ച ‘വിമുക്‌തി’ ബോധവത്കരണ മിഷന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാലയങ്ങളിലെ ലഹരി ഉപയോഗം വർധിക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ട് ശക്‌തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തി വരുന്നത്. വിദ്യാലയങ്ങളിലെ ലഹരി ഉപയോഗത്തിനെതിരെ ആറ് മാസത്തിനകം ദേശീയ കർമപദ്ധതി രൂപീകരിക്കണമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്‌ഥാനത്തിലാണ് സർക്കാർ ലഹരി വിരുദ്ധപ്രവർത്തനങ്ങൾ നടത്തുന്നത്. മദ്യവിൽപനയിൽ ചുമത്തിയ അഞ്ച് ശതമാനം അധിക സെസ്സ് ഉപയോഗിച്ചാണ് സർക്കാർ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത്.

ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ ജനകീയ സംരംഭങ്ങളായി മാറണം. ലഹരി മനസ്സിനെയും ശരീരത്തെയും കാർന്ന് തിന്നും. വർധിച്ചു വരുന്ന വാഹനാപകടങ്ങൾ, കുറ്റകൃത്യങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ എന്നിവ സമൂഹത്തിൽ ലഹരി ഉപയോഗം കൂടിയതിന്റെ തെളിവുകളാണ്. വിവാഹമോചനം ഉൾപ്പെടെയുള്ള കുടുംബ ബന്ധങ്ങളുടെ തകർച്ചയ്ക്ക് മദ്യം ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളാണ് കാരണമാകുന്നത്.

കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം കഴിഞ്ഞ രണ്ടുവർഷത്തിനിടെ വൻതോതിൽ വർധിച്ചു. മദ്യനിരോധനം കൊണ്ട് മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഉപയോഗം കുറഞ്ഞിട്ടില്ല. അതുകൊണ്ട് മദ്യത്തോടുള്ള ആസക്‌തികുറയ്ക്കാൻ മനസാണ് മാറ്റേണ്ടത്. അതിന് ബോധവൽക്കരണം പ്രധാനമാണ്. മദ്യം, മയക്കുമരുന്ന്, പുകയില എന്നിവക്ക് എതിരെ ശക്‌തമായ പ്രചാരണ പ്രവർത്ത നങ്ങൾ സംഘടിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. ലഹരിവസ്തുക്കളുടെ ശേഖരം, കടത്തൽ എന്നിവയുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കുക, ബഹുജന പങ്കാ ളിത്ത ത്തോടെയുള്ള ബോധവൽക്കരണം, ലഹരിവ സ്തുക്കളുടെ ലഭ്യതയും വിതരണവും ഇല്ലാതാക്ക ൽ,ലഹരിക്ക് അടിമപ്പെട്ടവരുടെ പുനരധിവാസ പ്രവർത്തനങ്ങൾ എന്നിവയാണ് വിമുക്‌തി പദ്ധതിയുടെ ലക്ഷ്യങ്ങൾ.

രാവിലെ കോട്ടമൈതാനം രക്‌തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്രയോടെയാണ് ഉദ്ഘാടന പരിപാടികൾ ആരംഭിച്ചത്. ഘോഷയാത്രയിൽ ജനപ്രതിനിധികൾ, സാംസ്കാരിക പ്രമുഖർ, വിദ്യാർഥികൾ, എക്സൈസ് ഉദ്യോഗസ്‌ഥർ എന്നിവർ പങ്കെടുത്തു. തുടർന്ന് ആൽബർട്ട് ഡബ്ൾയു കാരേരക്കാട്ടിലിന്റെ പിയാനോ സംഗീത പശ്ചാത്തലത്തിൽ ചിത്രകാരന്മാരായ ബൈജുദേവ്, ജോൺസൺ എന്നിവർ ലഹരിവിരുദ്ധ ചിത്രങ്ങൾ വരച്ചു. പരിപാടിയിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരെ മന്ത്രി ആദരിച്ചു.

ഉദ്ഘാടന പരിപാടിയിൽ ഷാഫി പറമ്പിൽ എം.എൽ.എ അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി, നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ, ജില്ലാ കലക്റ്റർ പി.മേരിക്കുട്ടി, സംഗീത നാടക അക്കാദമി സെക്രട്ടറി എൻ.രാധാകൃഷ്ണൻ നായർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി ബിന്ദു, നഗരസഭാ അംഗങ്ങളായ രാജേശ്വരി ജയപ്രകാശ്, പി.ആർ സുജാത, സ്വരലയ സെക്രട്ടറി ടി.ആർ അജയൻ, ഡെപ്യുട്ടി എക്സൈസ് കമ്മീഷനർ മാത്യുസ് ജോൺ, കെ.എ കമറുദീൻ, കെ.കാദർമൊയ്തീൻ എന്നിവർ പങ്കെടുത്തു.