ബന്ധുവിന്റെ വെട്ടേറ്റ് രണ്ട് ആദിവാസി സ്ത്രീകൾ കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ചികിത്സയിൽ

11:33 PM Feb 09, 2017 | Deepika.com
അഗളി: വട്ടലക്കി ഊരിൽ രങ്കമ്മ (80) ബന്ധുവായ ശെൽവി (40) എന്നിവരെ വട്ടേറ്റ പരിക്കുകളോടെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി പത്തുമണിയോടെയാണ് സ്ത്രീകൾക്ക് വെട്ടേറ്റത്.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീകളുടെ ബന്ധുവായ വട്ടലക്കി ഊരിലെ കുറുന്നാചനം (24) ആണ് ആക്രമണം നടത്തിയത്. കുറുന്നാചലത്തിന്റെ ഭാര്യ ഉമ (24)യോടൊപ്പം വട്ടലക്കി ഊരിനു സമീപത്തുള്ള കൃഷിസ്‌ഥലത്തായിരുന്നു ഇരുവരും താമസിച്ചിരുന്നത്.

ഉമ ഏഴുമാസം ഗർഭിണിയാണ്. രാത്രി 9.30ഓടെ വീട്ടിലെത്തിയ കുറുന്താചലം കലഹമുണ്ടാക്കുകയും ഭാര്യയെ വെട്ടാൻ കത്തിയെടുക്കുകയുമുണ്ടായി. തുടർന്ന് യുവതി ഓടിവന്ന വട്ടലക്കി ഊരിൽ അഭയംതേടി. പിന്നാലെ എത്തിയ കുറുന്താചലത്തെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് രങ്കമ്മയ്ക്കും ശെൽവിക്കും വെട്ടേറ്റതെന്ന് ഊരുനിവാസികൾ പറഞ്ഞു. ഏഴാംമാസം ഗർഭാവസ്‌ഥയിൽ കഴിഞ്ഞവർഷം ഇവരുടെ ഒരു കുഞ്ഞ് നഷ്‌ടപ്പെട്ടിരുന്നു. ഭർത്താവുമായുള്ള വഴക്കിനെൃതുടർന്നാണ് സംഭവമെന്ന് ഊരുനിവാസികൾ പറയുന്നു. ഇവർക്ക് മൂന്നുവയസുള്ള കുഞ്ഞുണ്ട്.

സംഭവം പോലീസിൽ അറിയിച്ചിട്ടും ഒരുമണിക്കൂർ കഴിഞ്ഞാണ് പോലീസെത്തിയതെന്ന് ഊരുനിവാസികൾ പരാതിപ്പെട്ടു. അഗളി ഡിവൈഎസ്പിയുടെ നിർദേശത്തെ തുടർന്ന് ഷോളയൂർ പോലീസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തിയെങ്കിലും പരാതിക്കാർ ഇല്ലാത്തതിനാലും പരിക്കേറ്റവർക്ക് പരാതിയില്ലാത്തതിനാലും കേസ് എടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. തത്പരകക്ഷികളുടെ ഇടപെടലാണ് തകേസ് എടുക്കാതിരിക്കാൻ കാരണമെന്ന് ഊരുനിവാസികളും തമ്പ് സംഘടനാപ്രതിനിധികളും ആരോപിച്ചു.