ശുശ്രൂഷയെന്ന പുണ്യം സായത്തമാക്കണം: ബിഷപ് മാർ ജേക്കബ് മനത്തോടത്ത്

11:33 PM Feb 09, 2017 | Deepika.com
അഗളി: ശുശ്രൂഷയെന്ന പുണ്യം നാം ഓരോരുത്തരും സായത്തമാക്കണമെന്ന് പാലക്കാട് രൂപത ബിഷപ് മാർ ജേക്കബ് മനത്തോടത്ത് ഉദ്ബോധിപ്പിച്ചു. അട്ടപ്പാടി കുറവൻപാടി ഉണ്ണിമല എസ്.എച്ച്. കോൺവെന്റിന്റെ പുതിയ കെട്ടിടം സന്യാസി സമൂഹത്തിന് തുറന്നുകൊടുക്കുകയായിരുന്നു ബിഷപ്.

സമൂഹത്തിന് ആവശ്യമായ ശുശ്രൂഷകളും സ്നേഹത്തോടെ കരുതലോടെയുള്ള സന്ദർശനങ്ങളും സാന്ത്വനങ്ങളും സഹായങ്ങളും ആത്മീയവും ഭൗതികവുമായ ഇടപെടലുകളാണ് സിസ്റ്റേഴ്സിന്റെ ശുശ്രൂഷ വഴി നമുക്ക് ലഭിക്കുന്നത്.

വഴിയും മറ്റ് സൗകര്യങ്ങളുമില്ലാതെ വികസനം എത്തിനോക്കാതിരുന്ന പതിനാറു വർഷങ്ങൾക്ക് മുമ്പ് ഏറെ ത്യാഗങ്ങൾ സഹിച്ച് സന്യാസി സമൂഹം ഈ മലമടക്കുകളിൽ ശുശ്രൂഷകരായിരുന്നു. ത്യാഗങ്ങളേറ്റുവാങ്ങി സമൂഹത്തിനുവേണ്ടി സേവനം നടത്തിയും നടത്തികൊണ്ടിരിക്കുന്ന വൈദികരേയും സിസ്റ്റേഴ്സിനേയും നല്ലവരായ മുഴുവൻ ജനങ്ങളേയും ബിഷപ് സ്നേഹവായ്പോടെ അനുസ്മരിച്ചു. രാവിലെ 11.30 ഓടെ ഉണ്ണിമലയിലെത്തിയ ബിഷപിനെ ഇടവക വികാരി ഫാ. സെബിൻ ഉറുകുഴിയുടെ നേതൃത്വത്തിൽ ഇടവക സമൂഹം സ്വീകരിച്ചു. തുടർന്ന് നാടമുറിച്ച് പുതിയ സന്യാസ ഭവനം സിസ്റ്റേഴ്സിനായി തുറന്നുകൊടുത്തു. ബിഷപിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ–കുർബാന നടന്നു.

ഇടവക വികാരി ഫാ. സെബിൻ ഉറുകുഴിയിൽ, താവളം ഫൊറോന വികാരി ഫാ. ജോസ് ആലക്കക്കുന്നേൽ എന്നിവർ സഹകാർമികത്വം വഹിച്ചു. വിവിധ പ്രദേശങ്ങളിൽ നിന്നായി നിരവധി വൈദികരും കന്യാസ്ത്രീമാരും വിവിധ മതവിഭാഗക്കാരും വെഞ്ചരിപ്പുകർമത്തിൽ പങ്കെടുത്തു.എസ്.എച്ച്. കോൺവെന്റ് സുപ്പീരിയർ സിസ്റ്റർ ശാലിനി സ്വാഗതവും പ്രൊവിൻഷ്യാൽ സുപ്പീരിയർ മദർ ഡൊമിറ്റില നന്ദിയും പറഞ്ഞു.