മലയാളം ഭരണഭാഷ: എല്ലാ ഓഫീസുകളിലും കർമ പദ്ധതി തയ്യാറാക്കും

11:33 PM Feb 09, 2017 | Deepika.com
പാലക്കാട്: ഉദ്യോഗസ്‌ഥ ഭരണ പരിഷ്ക്കാര (ഔദ്യോഗിക ഭാഷാ) വകുപ്പിന്റെ ഉത്തരവ് പ്രകാരം പുതുതായി രൂപവത്കരിച്ച ഔദ്യോഗിക ഭാഷാ ജില്ലാതല ഏകോപന സമിതി യോഗം സമിതി കൺവീനർ കൂടിയായ എ.ഡി.എം എസ് .വിജയന്റെ അധ്യക്ഷതയിൽ ചേർന്നു. സംസ്‌ഥാനത്തിന്റെ ഭരണഭാഷാ പൂർണ്ണമായും മലയാളമാക്കുകയെന്ന ലക്ഷ്യത്തോടെ ഓരോ വകുപ്പും കർമ പദ്ധതി തയ്യാറാക്കി ഇതിനായി തുടർ പ്രവർത്തനങ്ങൾ നടത്തും. ഓരോ വകുപ്പിന്റേയും ജില്ലാതല മേധാവി അധ്യക്ഷനായ ജില്ലാജല ഔദ്യോഗിക ഭാഷാസമിതി രണ്ട് മാസം കൂടുമ്പോൾ അതത് ഓഫീസിൽ യോഗം ചേരണമെന്ന് നേരത്തെ നിർദ്ദേശമുണ്ടായിരുന്നു.

ഈ യോഗങ്ങൾ കൃത്യമായി ചേരുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനുമാണ് ജില്ലാ കളക്ടർ അധ്യക്ഷയായി ജില്ലാതല ഏകോപന സമിതി രൂപവത്കരിച്ച് ജനുവരി 23–ന് സർക്കാർ ഉത്തരവിറക്കിയത്. മൂന്ന് മാസം കൂടുമ്പോൾ ചേരുന്ന ഈ യോഗത്തിൽ വകുപ്പ് മേധാവികൾ തന്നെ പങ്കെടുക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഭാഷാപുരോഗതിയുമായി ബന്ധപ്പെട്ട ത്രൈമാസ റിപ്പോർട്ട് ഓഫീസ് മേധാവികൾ ജില്ലാതല ഏകോപന സമിതിക്ക് കൈമാറണം.

ഔദ്യോഗിക ഭാഷയുമായി ബന്ധപ്പെട്ട ഫയലുകൾ ആവശ്യമെന്ന് കണ്ടാൽ അടിയന്തരമായി പരിശോധിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരെ വിളിച്ചു വരുത്തി വിശദീകരണം തേടാനും ജില്ലാ കളക്ടർക്ക് അധികാരമുണ്ട്.

അതിനാൽ ഓഫീസ് മേധാവികൾ കൃത്യസമയത്ത് യോഗം ചേരുന്നതിനും റിപ്പോർട്ട് നൽകുന്നതിനും ശ്രദ്ധിക്കണമെന്ന് എ.ഡി.എം നിർദേശിച്ചു. കർമപരിപാടി തയാറാക്കുന്നതിലും തുടർന്ന് ജീവനക്കാർക്ക് മലയാളം കമ്പ്യൂട്ടിങ്ങിലും ഭരണഭാഷാ പ്രയോഗത്തിലും പരിശീലനം നൽകുന്നതിലും സഹായം ആവശ്യമുണ്ടെങ്കിൽ ഏകോപനസമിതി കൺവീനറെ അറിയിക്കണമെന്ന് എ.ഡി.എം നിർദേശിച്ചു. കളക്ടറേറ്റ് സമ്മേളന ഹാളിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്‌ഥർ പങ്കെടുത്തു.