’ഇവിടം സ്വർഗമാണ്’ – ഇത് കിഴക്കേത്തലയ്ക്കൽ റോബിന്റെ വീട്

11:32 PM Feb 09, 2017 | Deepika.com
കുമളി: ഇത് കിഴക്കേത്തലയ്ക്കൽ റോബിന്റെ വീടാണ്. റോബിന്റെ വീട്ടിൽ പശുക്കളും ആടുകളും കോഴിയും താറാവും കാടയും മുയലും യമുവും വാത്തയും... തുടങ്ങി അരുമ പക്ഷിമൃഗാദികൾ തത്തിക്കളിക്കുകയാണ്. കിഴക്കേത്തലയ്ക്കൽ വീട്ടിൽ തിരക്കോടു തിരക്കാണ്. ദിവസം മുഴുവനും റോബിന്റെ അരുമകളെ കാണാൻ എത്തുന്നവർ വീടിന്റെ മുറ്റവും പുരയിടവും നിറഞ്ഞുനിൽക്കുകയാണ്.

പശുവും കോഴിയും എല്ലാം മിക്ക വീടുകളിലും അലങ്കാരങ്ങളാണെങ്കിലും കിഴക്കേത്തലയ്ക്കൽ വീട്ടിൽ ഒന്നും രണ്ടുമല്ല ഇവർ. പശുക്കൾ – നൂറ്, ആട് – അമ്പത്, കാട – 1000, അലങ്കാര മുട്ടക്കോഴികൾ – 150, ഗിനിപന്നിയും മുയലും – 25... ഇങ്ങിനെ നീളുന്നു അംഗങ്ങളുടെ എണ്ണം.

ശാസ്ത്രീയമായി അളന്നും കണക്കുംവച്ചു നിർമിച്ച പശുത്തൊഴുത്തിൽ ഇപ്പോൾ എച്ച്എഫ് പശുക്കൾ മാത്രമാണുള്ളത്. ദിവസം 25 ലിറ്ററിൽ കുറവു പാൽചുരത്തുന്ന ഒന്നും തൊഴുത്തിലില്ല.

മാട്ടുപ്പെട്ടിയിലെ കെഎൽഡി ബോർഡിന് നല്ലൊരുശതമാനം കാളക്കുട്ടികളെ നൽകുന്നതും റോബിനാണ്. ബോർഡ് അധികൃതർ റോബിന്റെ തൊഴുത്തിലെത്തി പശുക്കളെ പരിശോധിച്ച് ’എലൈറ്റ് കൗ’ മുദ്രകുത്തി ഗുണംമുറ്റിയ മൂരികിടാങ്ങളെ കൊണ്ടുപോവുകയാണ്. പശുകിടാങ്ങളെ റോബിൻതന്നെ വളർത്തും. 1100 ലിറ്റർ പാൽവരെ ഒരുദിവസം റോബിൻ കറന്നിട്ടുണ്ട്.

സംസ്‌ഥാനത്ത് ഏറ്റവുംകൂടുതൽ പാൽ അളന്നിട്ടുള്ള (പാൽ സൊസൈറ്റികളിൽ നൽകുന്ന പാൽ) രണ്ടാമത്തെ ക്ഷീരകർഷകനാണ് റോബിൻ. 2011–ൽ പാലക്കാട്ടുകാരനായ കർഷകനായിരുന്നു ഒന്നാംസ്‌ഥാനത്ത്. വീടുകളിൽ വിൽക്കുന്ന പാൽ സംസ്‌ഥാന കണക്കിൽ കൂട്ടാറില്ല. അതും പരിഗണിച്ചിരുന്നെങ്കിൽ റോബിൻ ഒന്നാമതാകുമായിരുന്നു. റോബിന്റെ തൊഴുത്തിൽ കറന്നെടുക്കുന്ന പാലിന്റെ പകുതിയും പ്രാദേശികമായിതന്നെ വിൽക്കുകയാണ്. കോഴിമുട്ടയും കാടമുട്ടയും പ്രാദേശികമായി വിറ്റഴിക്കും.

സ്കൂളിൽ പഠിക്കുന്ന കാലത്തു തുടങ്ങിയ പശുകമ്പം 31 വർഷമായി റോബിൻ തുടർന്നുപോരുകയാണ്. അമ്മയുടെ അമ്മ കാഞ്ഞിരപ്പള്ളിയിൽനിന്നും ഇവിടെ വരുമ്പോൾ അന്നു കുഞ്ഞായിരുന്ന റോബിനെയുംകൂട്ടി തൊഴുത്തിൽപോയി പശുക്കളോടൊപ്പം ഏറെനേരം നിൽക്കുമായിരുന്നു. മുത്തശിയിൽനിന്നും പകർന്നുകിട്ടിയ പശുകമ്പമായിരിക്കാം ഇതെന്ന് റോബിൻതന്നെ സമ്മതിക്കുന്നു. പശു ഒരു ഹരമാണ് എന്നും.

അണക്കരയിൽ വെറ്ററിനറി ഡോക്ടർമാരായിരുന്ന ഉമാമഹേശ്വരനും ജോർജ് തരകനും റോബിെൻ നല്ല സുഹൃത്തുക്കളായിരുന്നു. ഇവരുടെ സഹകരണംകൂടിയായപ്പോൾ റോബിൻ സംസ്‌ഥാനത്തെ ഏറ്റവും മികച്ച ക്ഷീരകർഷകനായി. ഒരു വ്യക്‌തി സ്വന്തമായി നടത്തുന്ന സംസ്‌ഥാനത്തെ ഏറ്റവും വലിയ ഡയറി ഫാമിലൊന്നാണ് റോബിന്റേത്.

ഈ ഗണത്തിൽ ലഭിച്ച അവാർഡുകൾ റോബിന്റെ സ്വീകരണമുറിയിൽ നിറഞ്ഞിരിക്കുകയാണ്. ക്ഷീരവികസന വകുപ്പിന്റെ ജില്ലയിലെ ഏറ്റവും മികച്ച ക്ഷീരകർഷകനുള്ള ഏറ്റവും പുതിയ അവാർഡും റോബിനാണ്. പിഡിഡിപിയുടെ പ്രഥമ സംസ്‌ഥാന അവാർഡ്, മൃഗസംരക്ഷണ വകുപ്പിന്റെ സംസ്‌ഥാന അവാർഡ്, കെഎൽഡി ബോർഡ് അവാർഡ്... തുടങ്ങി നിരവധി കർഷക അവാർഡുകളുടെ ജേതാവായ ഈ 40–കാരൻ ദിവസംമുഴുവൻ തൊഴുത്തിലും പറമ്പിലും ജോലിക്കാർക്ക് നിർദേശങ്ങളുമായി ഉണ്ടാകും.

ഭാര്യ ലൈജുവും എപ്പോഴും കൂടെതന്നെയുണ്ട്. എങ്കിലും ഇത്രയും കാര്യങ്ങൾ നോക്കിനടത്താൻ സമയം തികയുന്നില്ലെന്ന പരിഭവമാണിവർക്ക്. ഏകമകൾ പ്രിയ ചെന്നയിൽ ബിരുദവിദ്യാർഥിയാണ്.

ഒരുലക്ഷം രൂപയ്ക്കുമേൽ വിലയുള്ള പശുക്കളാണ് റോബിന്റെ തൊഴുത്തിലുള്ളതെങ്കിൽ അരലക്ഷത്തിലധികം രൂപ വിലയുള്ള വിവിധയിനം ആടുകളാണ് റോബിന്റെ ആട്ടിൻകൂട്ടിൽ. രാത്രിയിൽമാത്രം കൂട്ടിലാക്കുന്ന ആടുകളെ പകൽ വലകൊണ്ട് അതിരുതീർത്ത തുറസായ സ്‌ഥലത്താണ് വിഹാരം. രാജസ്‌ഥാൻ സ്വദേശിയായ സിരോഹി, ബീറ്റൽ, ഓസ്ട്രേലിയൻ യമ്നാപ്യാരി, യമ്നാപ്യാരി, മലബാറി തുടങ്ങിയ വിവിധ അപൂർവ ഇനങ്ങളുടെ കൂട്ടമാണിവിടെ.

സ്വർണനിറത്തിൽ കറുത്ത പൊട്ടുകളുള്ള നീണ്ട ചെവിയൻ സിരോഹിക്ക് ചന്തവും പാലും കൂടുതലാണ്. മൂന്നുലിറ്റർ പാൽവരെ ലഭിക്കും. ബീറ്റലാണ് ശക്‌തൻ. മുട്ടനാടിന് 100 കിലോവരെ തൂക്കംവയ്ക്കും. കണ്ടാൽ ഭീകരനാണെങ്കിലും സാധുസ്വഭാവമാണ്. യജമാനനെ എപ്പോഴും മുട്ടിയുരുമി അനുസരണയോടെ കൂടെ നടക്കും. യമ്നാപ്യാരിയും വലിപ്പത്തിൽ കേമനാണെങ്കിലും ഇടിക്ക് ഒരു മയവുമില്ല. മലബാറിയും ഉയർന്ന ഉത്പാദനക്ഷമതയുള്ള ഇനമാണ്. ആറുമാസം പ്രായമായ ബീറ്റലിനെ 30000 രൂപയ്ക്കാണ് റോബിൻ വാങ്ങിയത്.

താറാവുകൾക്ക് നീന്തിതുടിക്കാൻ രണ്ടു ചെറിയ കുളങ്ങൾ കിഴക്കേത്തലയ്ക്കൽ പുരയിടത്തിലുണ്ട്. കുട്ടനാടൻ താറാവാണ് ഏറെയും. പാത്തയും യമുവും കൂടാതെ നൂറിലേറെ അലങ്കാര കോഴികളും ഉണ്ടായിരുന്നു. അടുത്തകാലത്ത് രോഗംവന്ന് കുറെയെണ്ണം ചത്തു. സംരക്ഷണകുറവാണ് കാരണം. മുയലിന്റെ സ്‌ഥിതിയും ഏതാണ്ടിതുപോലെയാണ്. കാടകൃഷിയും തേനീച്ച വളർത്തലും തുടങ്ങിയത് അടുത്തകാലത്താണ്.

മുട്ടക്കോഴികളും അലങ്കാരകോഴികളും വീട്ടുമുറ്റത്തുകൂടി ചികഞ്ഞും കൂവിയും പാറിനടക്കുകയാണെപ്പോഴും.

പാലിന്റെ കാര്യത്തിൽ ഇപ്പോൾ ലഭിക്കുന്ന വില ഉത്പാദനചെലവുമായി പൊരുത്തപ്പെടുന്നില്ലെന്നും റോബിൻ പറയുന്നു. കാലിത്തീറ്റയുടെ വില കുതിക്കുകയാണ്. അടുത്തവർഷം തീറ്റയുടെ കാര്യത്തിൽ ഏറെ ബുദ്ധിമുട്ടാകുമെന്നാണ് കണക്കുകൂട്ടൽ. തമിഴ്നാട്ടിൽ നെൽകൃഷിയും ചോളം കൃഷിയും കുറച്ചിരിക്കുകയാണ്.

നഷ്‌ടലാഭങ്ങളുടെ കണക്കെടുത്തല്ല പശുവളർത്തലെങ്കിലും പിടിച്ചുനിൽക്കാൻ ക്ലേശിക്കുകയാണ്. വെളുപ്പിന് മൂന്നിന് റോബിനും ലൈജുവും തുടങ്ങുന്ന തിരക്ക് രാത്രി വൈകിയേ തീരൂ. കുമളി വെറ്ററിനറി ഡോക്ടർ പാർത്തിവനാണ് ഇപ്പോൾ റോബിന്റെ കരുത്ത്. എപ്പോഴും എന്താവശ്യത്തിനും ഡോക്ടർ വിളിപ്പുറത്തുണ്ട്. കൂടെത്തന്നെയുണ്ടെന്നു പറയാം.

അവാർഡുകൾ എത്തുമ്പോൾ തിരക്കും കൂടുകയാണ്. ഈവർഷത്തെ ക്ഷീരവികസന വകുപ്പിന്റെ അവാർഡ് നാളെ പടമുഖം എസ്എച്ച് പള്ളി അങ്കണത്തിൽ നടക്കുന്ന ജില്ലാതല കർഷക സംഗമത്തിൽ റോബിൻ ഏറ്റുവാങ്ങും.