നൊമ്പരമനസുകൾക്കിടയിൽ കുമ്പസാരക്കൂടായികുര്യാക്കോസ് തുരുത്തിപ്പിള്ളിൽ അച്ചൻ

11:32 PM Feb 09, 2017 | Deepika.com
തൊടുപുഴ: നൊമ്പരമനസുകൾക്കിടയിൽ കുമ്പസാരക്കൂടായി മാറിയ കുര്യാക്കോസ് തുരുത്തിപ്പിള്ളിൽ അച്ചൻ പൗരോഹിത്യത്തിന്റെ സുവർണജൂബിലി നിറവിൽ. വൈദികനായിട്ടു അമ്പതു വർഷം പിന്നിടുമ്പോൾ എടുത്തു പറയാൻ അവാർഡുകളോ ബഹുമതികളോ ലഭിച്ചിട്ടില്ലെങ്കിലും മനസ്തപിക്കുന്ന വിശ്വാസിക്ക് സാന്ത്വനമായിരുന്നു സിഎംഐ സഭാംഗമായ തുരുത്തിപ്പിള്ളിലച്ചൻ. സമയം നോക്കാതെ ഉപാസനചാപ്പലിലെ കൂമ്പസാരക്കൂട്ടിൽ ഇരിക്കുന്ന വൈദികനായിരുന്നു അദ്ദേഹം.

വിശ്രമം അദ്ദേഹം ആഗ്രഹിച്ചിട്ടില്ല. തന്റെ അടുക്കലേക്കു വരുന്നവർക്കു ഇരിപ്പിടം ഒരുക്കി സ്വയം മാറി കൊടുക്കാൻ ആഗ്രഹിക്കുന്ന വ്യക്‌തിത്വം. സമ്മാനങ്ങളും പുത്തൻ വസ്ത്രങ്ങൾ പോലും മുന്നിലെത്തുന്നവർക്കുപങ്കു വയ്ക്കുന്ന മനസിനുടമ. ഈ വൈദികൻ തൊടുപുഴ ജ്യോതിനിവാസ് ആശ്രമത്തിൽ 2002 മുതൽ ശുശ്രൂഷ ചെയ്തുവരികയാണ്. അതും പാപമോചന ശുശ്രൂഷ. ഇതിനിടയിലും ആവശ്യം പോലെ സമീപത്തുള്ള പള്ളികളിലും മഠങ്ങളിലും വിശുദ്ധ കുർബാന അർപ്പിക്കാൻ ഓടിയെത്തും. ഞായറാഴ്ചകളിൽ തൊടുപുഴ കാരിക്കോട് സർക്കാർ ആശുപത്രിയിൽ രോഗികളെ സന്ദർശിച്ച് കുമ്പസാരം ശ്രവിക്കുകയും രോഗിലേപനം നൽകുകയും ചെയ്യാൻ മുടക്കം വരുത്താറില്ല.

പലരും പ്രാർഥന തേടി വരുന്നു, ചിലർ വീടുകളിൽ കൊണ്ടു പോയി പ്രാർഥിപ്പിക്കുന്നു. നാളെ ജ്യോതിനിവാസ് ചാപ്പലിൽ രാവിലെ 10.30നു ദിവ്യബലി, തുടർന്നു അനുമോദനസമ്മേളനം, സ്നേഹവിരുന്ന്. വാഴക്കുളം തുരുത്തിപ്പിള്ളിൽ തൊമ്മൻ–മറിയാമ്മ ദമ്പതികളുടെ ആറുമക്കളിൽ രണ്ടാമൻ. പഠനത്തിൽ മിടുക്കനായിരുന്നു.

ബംഗളൂരിൽ 1962 ൽ മെയ് 16 നു നിത്യവ്രതവും 1967 മെയ് 17 നു ഗുരുപട്ടവും സ്വീകരിച്ചു. കളമശേരി പ്രൊവിൻഷ്യൽ ഹൗസിലെ ഒരു മാസത്തെ വൈദീക ശുശ്രൂഷ പരിശീലനത്തിനുശേഷം കോതമംഗലം കൊവേന്തയിൽ നിയമനം. ഇതിനിടയിൽ ഉപരിപഠനം പൂർത്തിയാക്കി. ഇംഗ്ലീഷ് സാഹിത്യം പ്രധാനവിഷയമായും രാഷ്ര്‌ടമീമാംസയും തത്വശാസ്ത്രവും ഉപവിഷയങ്ങളായും പഠിച്ചു.

എംഎ സോഷ്യോളജിയും ലൈബ്രറി സയൻസും പഠിച്ചു. വൈക്കം കൊവേന്തയിൽ രണ്ടുവർഷം. അവിടെയും ബർസാറും പ്രൊക്കുറേറ്ററുമായിരുന്നു. മൈസൂർ മിഷനിൽ സേവനം ചെയ്തു. കൂടാതെ പൊതുമിഷൻ സെക്രട്ടറിയുമായി. 1982 മുതൽ 99 വരെ നീണ്ട 17 വർഷം കൈതപ്പാറയിൽ സേവനം അനുഷ്ഠിച്ചു. നിർധനരായ ഒരു ജനതയ്ക്കൊപ്പമായിരുന്നു. ആടുമാടുകൾ വാങ്ങൽ, കുട്ടികളുടെ വിദ്യാഭ്യാസം, സാധു പെൺകുട്ടികളുടെ വിവാഹം, ഭവനനിർമാണം, ചികിത്സ തുടങ്ങിയവയുമായി സാധുക്കളുടെ കണ്ണീരൊപ്പി. തൊഴുത്തുനിർമിക്കുന്നതിനു പോലും അച്ചന്റെ സഹായം എത്തിയിരുന്നു. റോഡുനിർമാണം, സ്കൂൾ, പള്ളി നിർമാണവുമായി ബന്ധപ്പെട്ടു ജനത്തിനു മുന്നിൽ നിന്നുനയിച്ചു. കാനഡ സർക്കാരിന്റെ സേവ് എ ഫാമിലി പദ്ധതി വഴി സാധുക്കൾക്കു സേവനം എത്തിച്ചു.

1999–2002 വരെ വാഴക്കുളം ആശ്രമം പ്രൊക്കുറേറ്റർ, ബർസാർ. 2002–2003 ൽ കൈതപ്പാറ പള്ളിവികാരിയും ആശ്രമ ഡയറക്ടറുമായിരുന്നു. കൈതപ്പാറ പള്ളിയിൽ നിന്നും തൊടുപുഴ ജ്യോതിനിവാസിൽ കുമ്പസാരിപ്പിക്കാൻ എത്തിയിരുന്നത്. വിശ്വാസികളുടെ എണ്ണം കൂടിയപ്പോൾ ജ്യോതിനിവാസ് സൂപ്പിരിയർ ഫാ. കുര്യൻ പുത്തൻപുരയ്ക്കലിന്റെ ആവശ്യപ്രകാരം പ്രൊവിൻഷ്യൽ കുര്യാക്കോസച്ചനെ ജ്യോതിനിവാസിലേക്ക് നിയോഗിച്ചു. അങ്ങനെ ദിവസവും ആറും ഏഴും മണിക്കൂർ കുമ്പസാരക്കൂട്ടിൽ പാപമോചനം നൽകി കുര്യാക്കോസച്ചൻ ഇരിക്കും.അച്ചനു വിശ്രമം നൽകാൻ സമയം ക്രമീകരിച്ചാലും കുമ്പസാരക്കൂട്ടിൽ ഈ ഇടയനുണ്ട്. ആട്ടിൻപറ്റത്തിനു കൂട്ടായി.