തത്തംപള്ളിയിൽ മോഷണസംഘം വിലസുന്നു

11:32 PM Feb 09, 2017 | Deepika.com
ആലപ്പുഴ: തത്തംപള്ളിയിലും പരിസരപ്രദേശങ്ങളിലും ഒരിടവേളയ്ക്കുശേഷം മോഷണസംഘത്തിന്റെ വിളയാട്ടം. പ്രദേശത്തെ ആൾസഞ്ചാരം കുറഞ്ഞ റോഡുകളിൽ അതിരാവിലെയും വൈകുന്നേരങ്ങളിലുമായാണ് മോഷ്‌ടാക്കൾ വിഹരിക്കുന്നത്. അതിരാവിലെ ആരാധനാലയങ്ങളിലേക്കു പോകുന്ന സ്ത്രീകളെയും വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലേക്കു പോകുന്ന കുട്ടികളെയും ലക്ഷ്യമിട്ടാണ് ഇവർ കറങ്ങുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ബൈക്കിലെത്തി മാല മോഷ്‌ടിക്കാൻ ശ്രമിച്ച നിരവധി സംഭവങ്ങളാണ് പ്രദേശത്തുണ്ടായത്. അതിരാവിലെയായിരുന്നു മോഷണശ്രമങ്ങളേറെയും. ആരാധനാലയങ്ങളിലേക്കു പോവുകയായിരുന്ന പ്രായമേറിയ സ്ത്രീകളുടെ മാല കവരാൻ ശ്രമങ്ങൾ നടന്നുവെങ്കിലും വിജയിച്ചിരുന്നില്ല. സംഭവത്തിൽ ഭയപ്പെട്ടുപോയ സ്ത്രീകൾ വീട്ടിൽ വിവരം പറഞ്ഞുവെങ്കിലും പരാതിപ്പെടാൻ തയാറാകാത്തതിനാൽ സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.

ഒരു വർഷത്തിനുമുമ്പ് സമാനമായ രീതിയിൽ തത്തംപള്ളിയിലും സമീപപ്രദേശങ്ങളിലും മോഷണശല്യം രൂക്ഷമായിരുന്നു. വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ നിന്നും ജോലി കഴിഞ്ഞും വൈകുന്നേരങ്ങളിൽ വീടുകളിലേക്കു മടങ്ങുന്ന കുട്ടികളെയും സ്ത്രീകളെയും ലക്ഷ്യമിട്ടായിരുന്നു അന്ന് മോഷണം നടന്നിരുന്നത്. കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വ്യാപാരിയെ ആക്രമിച്ചു പണം കവർന്ന സംഭവവും പ്രദേശത്ത് നടന്നിട്ടുണ്ട്. നാട്ടുകാർ പരാതികൾ നൽകിയതിന്റെ അടിസ്‌ഥാനത്തിൽ നോർത്ത് പോലീസ് സാധാരണ നടത്തുന്ന പട്രോളിംഗ് കൂടാതെ പ്രദേശത്തേക്ക് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നതിനെത്തുടർന്നു മോഷണശല്യത്തിനു ശമനമുണ്ടായിരുന്നു. എന്നാൽ സമീപകാലത്ത് പോലീസിന്റെ പട്രോളിംഗ് അടക്കമുള്ള കാര്യങ്ങളിൽ കുറവുണ്ടായതോടെ വീണ്ടും മോഷ്‌ടാക്കൾ രംഗത്തെത്തുകയായിരുന്നു. ഇരുചക്രവാഹനങ്ങളിലെത്തി സ്ത്രീകളുടെ മാല കവരാനുള്ള ശ്രമങ്ങളാണ് പ്രദേശത്ത് നടന്നിരിക്കുന്നതിലേറെയും. മോഷണശല്യം വർധിച്ചതോടെ രാവിലെയും വൈകുന്നേരങ്ങളിലും തനിച്ച് പ്രദേശത്തെ റോഡുകളിലൂടെ സഞ്ചരിക്കാൻ സ്ത്രീകൾ ഭയപ്പെടുകയാണ്.