ബൈജുവിന്റെ കൊലപാതകം: മൂന്നുപേർക്കു ജീവപര്യന്തം

11:32 PM Feb 09, 2017 | Deepika.com
മാവേലിക്കര: എൻഡിഎഫ് പ്രവർത്തകനായിരുന്ന താമരക്കുളം പേരൂർ കാരാഴ്മ ബൈജുഭവനത്തിൽ ബൈജുവിനെ (22) കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർക്ക് ജീവപര്യന്തം. നൂറനാട് റിയാസ്ഭവനത്തിൽ റിയാസ് (30), ചുനക്കര കരിമുളക്കൽ ചരുവയ്യത്ത് ബിജിത്ത് (26), ചുനക്കര തെക്ക് പള്ളിക്കു സമീപം ഷെഫീക്ക് (26) എന്നിവർക്കാണ് ജീവപര്യന്തം കഠിനതടവും 25,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ച് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി മൂന്ന്–ജഡ്ജി ജി. അനിൽകുമാർ ഉത്തരവായത്. 2010 ഫെബ്രുവരി ഒമ്പതിനു രാത്രിയായിരുന്നു സംഭവം.

ബൈജുവും സുഹൃത്തുക്കളായ പ്രതികളും തമ്മിൽ ചാരുംമൂട് ചന്തക്കു സമീപംവച്ച് വാക്കുതർക്കമുണ്ടായി. തുടർന്നു അന്നുരാത്രി 11.30ഓടെ ബൈജുവിനെ പ്രതികൾ വീട്ടിൽനിന്നും വിളിച്ചിറക്കി കൊണ്ടുപോയി കുത്തിക്കൊലപ്പെടുത്തിയതായാണ് പ്രോസിക്യൂഷൻ കേസ്. മൂന്നു പ്രതികളിൽ രണ്ടുപേർ എൻഡിഎഫ് പ്രവർത്തകരാണ്. 25 സാക്ഷികളെ കേസിൽ വിസ്തരിച്ചു. 30 രേഖകളും 10 തൊണ്ടിമുതലുകളും ഹാജരാക്കി. പിഴത്തുകയിൽ 50,000 രൂപ ബൈജുവിന്റെ അമ്മക്കു നൽകണം. പിഴയടച്ചില്ലെങ്കിൽ ഒരുവർഷം അധികതടവ് അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ ഏലിയാമ്മ ഏബ്രഹാം ഹാജരായി.