സെന്റ് മൈക്കിൾസ് കോളജ് ജൂബിലി വിളംബര ജാഥ നടത്തി

11:32 PM Feb 09, 2017 | Deepika.com
ചേർത്തല: സെന്റ് മൈക്കിൾസ് കോളജ് സുവർണജൂബിലി വിളംബരജാഥ നടന്നു. ഇന്നലെ രാവിലെ ഒമ്പതിനു ആലപ്പുഴ ലിയോതേർട്ടീന്ത് സ്കൂളിൽനിന്നും ഫാ. സ്റ്റാൻലി പുളിമൂട്ടുപറമ്പിൽ ഫ്ളാഗ് ഓഫ് ചെയ്ത ജാഥ തീരദേശപാതയിലൂടെ സഞ്ചരിച്ച് ഉച്ചകഴിഞ്ഞ് മൂന്നിനു കോളജിൽ എത്തിച്ചേർന്നു. അധ്യാപക–അനധ്യാപകർ, എൻസിസി, എൻഎസ്എസ്, വുമൻസെൽ, കോളജ് യൂണിയൻ, പൂർവവിദ്യാർഥികൾ, രക്ഷകർത്താക്കൾ എന്നിവർ സംബന്ധിച്ചു. വിളംബരജാഥ മുട്ടം ഹോളിഫാമിലി ഹൈസ്കൂളിൽ എത്തിച്ചേർന്നപ്പോൾ ചേർത്തല നഗരസഭ ചെയർമാൻ ഐസക് മാടവന ദീപശിഖാ പ്രയാണത്തിനുള്ള ഭദ്രദീപം തെളിച്ചു.

കോളജിലെ മുഴുവൻ വിദ്യാർഥി സമൂഹത്തിന്റെയും സാന്നിധ്യത്തിൽ ആരംഭിച്ച ജൂബിലി ഭദ്രദീപ പ്രയാണം കോളജ് അങ്കണത്തിൽ എത്തിച്ചേർന്നപ്പോൾ ഷെവലിയാർ പ്രഫ. ഏബ്രഹാം അറയ്ക്കൽ ദീപസ്തംഭം ഏറ്റുവാങ്ങി. ആലപ്പുഴ രൂപതാ വികാരി ജനറാൾ മോൺ. പയസ് ആറാട്ടുകുളം പതാക ഉയർത്തി. കോളജ് മാനേജർ ഫാ. സോളമൻ ചാരങ്കാട്ട് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. വി. മാത്യു, ആഘോഷകമ്മിറ്റി കൺവീനർ പ്രഫ. ആനി ജോസ്, കോളജ് അസി. മാനേജർ ഫാ. സെലസ്റ്റിൻ പുത്തൻപുരയ്ക്കൽ, അലൂംമ്നി അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് ഫാ. ഡോമിനിക് പഴമ്പാശേരി എന്നിവർ പ്രസംഗിച്ചു. തുടർന്നു കോളജ് യൂണിയൻ നേതൃത്വത്തിൽ ഫ്ളാഷ്മോബ് നടത്തി. സുവർണ ജൂബിലി ആഘോഷം ഇന്നു ഉച്ചകഴിഞ്ഞു രണ്ടിനു വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ആലപ്പുഴ രൂപതാ ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ അധ്യക്ഷത വഹിക്കും. മന്ത്രി പി. തിലോത്തമൻ, കെ.സി. വേണുഗോപാൽ എംപി, എംഎൽഎമാർ, കലാ–സാംസ്കാരിക പ്രതിഭകൾ, ആത്മീയനേതാക്കൾ എന്നിവർ സംബന്ധിക്കും.