ആവശ്യത്തിനു ജീവനക്കാരില്ല, ഫ്രണ്ട്സ് ജനസേവനകേന്ദ്രം അടച്ചുപൂട്ടലിലേക്ക്

06:59 AM Feb 09, 2017 | Deepika.com
ആലപ്പുഴ: ആവശ്യത്തിനു ജീവനക്കാരില്ലാത്തതുമൂലം കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ഫ്രണ്ട്സ് ജനസേവന കേന്ദ്രത്തിന്റെ പ്രവർത്തനം അവതാളത്തിൽ. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ബില്ലുകൾ അടയ്ക്കുന്നതിനു പൊതുജനങ്ങൾക്കേറെ പ്രയോജനകരമായിരുന്ന സംവിധാനമാണ് സർക്കാരിന്റെ അനാസ്‌ഥമൂലം അടച്ചുപൂട്ടലിലേക്കു നീങ്ങുന്നത്. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ബില്ലുകൾ അടയ്ക്കുന്നതിനായി കൂടുതൽ സമയം ചെലവഴിക്കുന്നതിനുപകരം ഒറ്റ ഓഫീസിൽ ബില്ലുകൾ അടയ്ക്കുന്നതിനുള്ള സൗകര്യമാണ് ഫ്രണ്ട്സ് ജനസേവന കേന്ദ്രങ്ങളിൽ ഒരുക്കിയിരുന്നത്.
പേരുപോലെതന്നെ മികച്ച സേവനം ആരംഭകാലയളവിൽ ലഭ്യമായതോടെ ദിവസേന ആയിരങ്ങളാണ് ജനസേവന കേന്ദ്രത്തിൽ വിവിധ ആവശ്യങ്ങൾക്കായെത്തിയിരുന്നത്. പലദിവസങ്ങളിലും പോലീസിന്റെ സേവനം തിരക്കു നിയന്ത്രിക്കാൻ ജനസേവന കേന്ദ്രം തേടേണ്ടിവന്നിരുന്നു. ഒമ്പതുകൗണ്ടറുകൾ പ്രവർത്തിച്ചിരുന്ന ഫ്രണ്ട്സ് ജനസേവന കേന്ദ്രത്തിൽ വൈദ്യുതി, വാട്ടർ അഥോറിറ്റി ബില്ലുകൾ, യൂണിവേഴ്സിറ്റി അപേക്ഷ ഫീസുകൾ തുടങ്ങി വിവിധ സേവനങ്ങളാണ് ലഭ്യമായിരുന്നത്. 24 ഉദ്യോഗസ്‌ഥരായിരുന്നു സർവീസ് ഓഫീസർമാരായി ജനസേവന കേന്ദ്രത്തിൽ തുടക്കത്തിൽ പ്രവർത്തിച്ചിരുന്നത്. ഒരു മാനേജരും ജനസേവന കേന്ദ്രത്തിലുണ്ടായിരുന്നു. ദിവസം രണ്ടുഷിഫ്റ്റുകളിലായി പ്രവർത്തിക്കുന്ന ജനസേവന കേന്ദ്രത്തിൽ പൊതു അവധിയൊഴികെയുള്ള ഞായറാഴ്ചകളിലും ബില്ലുകൾ അടയ്ക്കുന്നതിനു സൗകര്യമുണ്ടായിരുന്നു. എന്നാൽ വർഷങ്ങൾ പിന്നിട്ടതോടെ ഉദ്യോഗസ്‌ഥരുടെ എണ്ണം കുറഞ്ഞു.

നിലവിൽ രണ്ടുഷിഫ്റ്റുകളിലായി നാലുദ്യോഗസ്‌ഥരാണ് ജനസേവന കേന്ദ്രത്തിലുള്ളത്. ഉദ്യോഗസ്‌ഥ പരിമിതിയുണ്ടെങ്കിലും ജനസേവന കേന്ദ്രത്തിലെത്തുന്നവർക്കു വേണ്ട സേവനങ്ങൾ ലഭ്യമാകുന്നതിനാൽ ദിവസേന 200 ഓളം ആളുകളാണ് ഇവിടെയെത്തുന്നത്. പ്രവർത്തനം ആരംഭിച്ച കാലഘട്ടത്തിൽ എയർ കണ്ടീഷണർ അടക്കമുള്ള സംവിധാനങ്ങളുണ്ടായിരുന്നെങ്കിലും രണ്ടുവർഷം മുമ്പ് എസി പണിമുടക്കിയതിനാൽ ജീവനക്കാർ പിരിവിട്ടുവാങ്ങിയ ഫാനാണ് ഇപ്പോൾ ആശ്രയം. മറ്റ് അടിസ്‌ഥാന സൗകര്യങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണ് അവസ്‌ഥ. പൊതുജനങ്ങൾക്ക് ഏറെ പ്രയോജനകരമായിരുന്ന ഫ്രണ്ട്സ് ജനസേവന കേന്ദ്രത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനാവശ്യമായ നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന ആവശ്യം ശക്‌തമാണ്.