മൂവാറ്റുപുഴ: കച്ചേരിത്താഴത്ത് രണ്ടപകടങ്ങളിലായി മൂന്നുപേർക്ക് പരിക്കേറ്റു. തടികയറ്റിവന്ന ലോറി മീഡിയനിലേക്ക് ഇടിച്ചുകയറി നിയന്ത്രണം വിട്ട് റോഡിലേക്കു മറിയുകയായിരുന്നു. ഇതിനിടെ ഇതുവഴിവന്ന ആംബുലൻസ് ഓട്ടോറിക്ഷയിൽ ഇടിച്ചും അപകടമുണ്ടായി.
അപകടത്തെത്തുടന്ന് ലോറിയിൽ നിന്നു ഡീസലും ഓയിലും റോഡിലേക്കൊഴുകിയിരുന്നു. ഇതിൽ കയറി തെന്നിയാണ് ആംബുലൻസ് ഓട്ടോയിൽ ഇടിച്ചത്. പിന്നീട് ഫയർഫോഴ്സ് ഇവ കഴുകി കളഞ്ഞു. അപകടത്തിൽ ഓട്ടോ ഡ്രൈവർ ഈസ്റ്റ് നെടുംകണ്ടത്തിൽ സണ്ണി(50), ലോറി ഡ്രൈവർ, സഹായി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവശിപ്പിച്ചു. ലോറി ഡ്രൈവർക്കും സഹായിക്കും നേരിയ പരിക്കുകളാണുള്ളത്. ഇന്നലെ പുലർച്ചെ രണ്ടിനാണ് എംസി റോഡിൽ കച്ചേരിത്താഴത്ത് അപകടമുണ്ടായത്.
പെരുന്പാവൂർ ഭാഗത്തേക്ക് റബർ തടിയുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. ഇതേത്തുടർന്ന് ഇതിലേയുള്ള ഗതാഗതം ഏറെനേരം തടസപ്പെട്ടു. ഈ സമയം തൊടുപുഴയിൽ നിന്നു കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു രോഗിയുമായെത്തിയ ആംബുലൻസ് പ്രധാന റോഡിലെ തടസം മൂലം എതിർവശത്തെ റോഡിലൂടെ കയറുന്നതിനിടെ എതിരേവന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു.
ആംബുലൻസിൽ ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. റോഡിനു നടുവിലെ മീഡിയൻ ശ്രദ്ധയിൽപെടാതിരുന്നതാണ് അപകടകാരണമെന്നു പോലീസ് പറഞ്ഞു. മീഡിയനിലേക്കു വാഹനം ഇടിച്ചുകയറി പലവട്ടം ഇവിടെ അപകടമുണ്ടായിട്ടുണ്ട്. പിന്നീട് ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തി ഇതുവഴിയുള്ള വാഹനഗതാഗതം പുനസ്ഥാപിച്ചു.
കച്ചേരിത്താഴത്ത് രണ്ട് അപകടം, മൂന്നു പേർക്ക് പരിക്ക്
02:52 AM Feb 09, 2017 | Deepika.com