ഇൻകം ടാക്സ് ആൻഡ് സെയിൽസ് ടാക്സ് പ്രാക്ടീഷണേഴ്സ് അസോ. സംസ്ഥാന സമ്മേളനം 11ന് പടന്നക്കാട്
02:36 AM Feb 09, 2017 | Deepika.com
കാഞ്ഞങ്ങാട്: ഓൾ കേരള ഇൻകംടാക്സ് ആൻഡ് സെയിൽസ് ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 11ന് പടന്നക്കാട് ബേക്കൽ ക്ലബിൽ നടക്കും. 14 ജില്ലകളിൽ നിന്നായി 250ൽപരം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം 11ന് രാവിലെ 10ന് മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.ഡി.തോമസ് അധ്യക്ഷത വഹിക്കും. കെ.കുഞ്ഞിരാമൻ എംഎൽഎ മുഖ്യാതിഥിയായിരിക്കും. സമ്മേളനത്തിൽ ജില്ലയിലെ മികച്ച ആദായ നികുതി ദായകനേയും വാണിജ്യ നികുതിദായകനേയും ആദരിക്കും. ഉച്ചയ്ക്കു ശേഷം 2.30ന് നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി മഹേഷ് തയ്യൂർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് സംസ്ഥാന ഭാവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും. സ്വാഗതസംഘം ചെയർമാൻ എ.മനോജ് കുമാർ,മറ്റു ഭാരവാഹികളായ കെ.വി. സുരേഷ് ബാബു, കെ.സുരേന്ദ്രൻ നായർ, പി.ശ്യാംപ്രസാദ്, കെ.ഉദയകുമാർ എന്നിവർ പരിപാടികൾ വിശദീകരിച്ചു.