സുൽത്താൻ ബത്തേരി: വയനാടിന്റെ യഥാർഥ പ്രശ്നങ്ങളിൽ നിന്നുള്ള ഒളിച്ചോടലാണ് സിപിഎമ്മിന്റെ നേതൃത്വത്തിൽ നടന്ന വികസന സെമിനാറുകളെന്ന് ബത്തേരി നിയോജക മണ്ഡലം യുഡിഎഫ് നേതൃയോഗം. കാർഷിക മേഖലയിലെ പ്രതിസന്ധി, വരൾച്ച, മെഡിക്കൽ കോളജ്, നഞ്ചൻഗോട്-നിലന്പൂർ റെയിൽവേ, രാത്രികാല യാത്ര നിരോധനം തുടങ്ങിയ നിരവധി പ്രശ്നങ്ങൾ വയനാടിനെ ബാധിക്കുന്പോൾ സിപിഎമ്മിന്റെ സ്വകാര്യ സ്വത്തായ ബ്രഹ്മഗിരി പ്രൊജക്ടിന് 10 കോടി അനുവദിച്ചതിലുള്ള ജനരോഷം മറയ്ക്കാനാണ് സെമിനാറുകൾ സംഘടിപ്പിച്ചത്.
ബ്രഹ്മഗിരി പ്രോജക്ടിന്റെ പ്രവർത്തനങ്ങൾക്ക് സാധ്യത നേടിക്കൊടുക്കാനുള്ള പാഴ് ശ്രമമല്ലാതെ വയനാടിന്റെ പൊതു പ്രശ്നങ്ങൾ പരിഹരിക്കാൻ നിർദേശങ്ങളോ തീരുമാനങ്ങളോ ഇല്ല. പണമില്ല, അരിയില്ല, പണിയില്ല, വെള്ളവുമില്ല എന്ന മുദ്രാവാക്യമുയർത്തി കെപിസിസി വൈസ് പ്രസിഡന്റ് എം.എം ഹസൻ നയിക്കുന്ന മേഖല ജാഥയ്ക്ക് 18ന് ബത്തേരിയിൽ സ്വീകരണം നൽകാൻ യോഗം തീരുമാനിച്ചു.
ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ കെ.കെ. ഏബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ സി.പി. വർഗീസ്, ടി. മുഹമ്മദ്, എം.എ. അസൈനാർ, എൻ.എം. വിജയൻ, ജോസ് പനമട, വി.വി. ബെന്നി, പി. പ്രകാശൻ, അബ്ദുള്ള മാടക്കര, ആർ.പി ശിവദാസ്, എൻ.യു ഉലഹന്നാൻ, പി.എം സുധാകരൻ, ടി.ജെ ജോസഫ്, കെ.എൻ രമേശൻ, കെ.ഇ വിനയൻ, കെ.വി ശശി, ബാബു പഴുപ്പത്തൂർ, ഉമ്മർ കുണ്ടാട്ടിൽ, കെ.അഹമ്മദ്കുട്ടി, ഷബീർ അഹമ്മദ്, പി.ഉമ്മർഹാജി, കോണിക്കൽ ഖാദർ, കെ.പി അഷ്കർ, സി.കെ ആരിഫ്, കെ.വിജയൻ, കണക്കയിൽ മുഹമ്മദ്, കെ.നാരായണൻ നായർ, ബെന്നി കൈനിക്കൽ, ബേബി വർഗീസ്, കെ.എം വർഗീസ്, സെയ്തലവി ഹാജി, എം.കെ ബാലൻ, കെ.ബീരാൻ, ടി.അവറാൻ, റിയാസ് കല്ലുവയൽ, ജി.ജോസഫ്, വി.ടി ബേബി, അലിക്കുഞ്ഞ്, കെ.എൻ തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.
സിപിഎം വികസന സെമിനാർ: പ്രശ്നങ്ങളിൽ നിന്നുള്ള ഒളിച്ചോടലെന്ന് യുഡിഎഫ്
12:59 AM Feb 09, 2017 | Deepika.com