ബത്തേരിയിൽ നഗര ഉപജീവന മിഷന് തുടക്കമായി
12:59 AM Feb 09, 2017 | Deepika.com
സുൽത്താൻ ബത്തേരി: ദാരിദ്ര്യ ലഘൂകരണം ലക്ഷ്യമാക്കി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നഗരസഭകളിൽ നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന മിഷന് ബത്തേരിയിൽ തുടക്കമായി. കുടുംബശ്രീ വഴി നടപ്പാക്കുന്ന പദ്ധതിയിൽ അയൽക്കൂട്ടങ്ങൾക്കും എഡിഎസുകൾക്കും റിവോൾവിംഗ് ഫണ്ട്, പുതിയ അയൽക്കൂട്ട രൂപീകരണം, നിർജീവ അയൽക്കൂട്ടങ്ങളുടെ പുനരുജ്ജീവനം, നഗര ഉപജീവന കേന്ദ്രം സ്ഥാപിക്കൽ, ലിങ്കേജ് വായ്പകൾക്കുള്ള പലിശ സബ്സിഡി, സ്വയം തൊഴിൽ വായ്പകൾക്കുള്ള പലിശ സബ്ഡിസി, വിദഗ്ധ പരിശീലനം നൽകി തൊഴിൽ ഉറപ്പാക്കൽ, തെരുവ് കച്ചവടക്കാരുടെ പുനരധിവാസം, തെരുവിൽ അന്തിയുറങ്ങുന്നവർക്കുള്ള അഭയകേന്ദ്രം എന്നീ പ്രവർത്തനങ്ങൾ നടത്താനുള്ള സാന്പത്തിക സഹായം ലഭിക്കും. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർമാൻ സി.കെ സഹദേവൻ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ.പി. ജയചന്ദ്രൻ, പി.കെ സുമതി, ബാബു അബ്ദുറഹിമാൻ, എൽസി പൗലോസ്, എൻ.എം വിജയൻ, ഹാരിസ്, എൻ.കെ മോഹൻദാസ്, എ.കെ സുപ്രിയ എന്നിവർ പ്രസംഗിച്ചു.