കോട്ടയം: സ്കൂളിനെതിരേ അച്ഛൻ പരാതി നൽകിയതിന്റെ പേരിൽ കുട്ടിക്ക് മാനസിക പീഡനമെന്ന് പരാതി. പുതുപ്പള്ളി ശ്രീനാരായണ സെൻട്രൽ സ്കൂളിനെതിരെയാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുന്നത്. ആനത്താനം കൊച്ചുപറന്പിൽ അനീഷാണു പരാതിക്കാരൻ.
സാന്പത്തിക ബുദ്ധിമുട്ടിനെത്തുടർന്ന് എൽകെജിയിൽ പഠിക്കുന്ന കുട്ടിയുടെ ഫീസ് അടയ്ക്കാൻ കഴിയാതെ വന്നതിനെത്തുടർന്ന് അനീഷ് സ്കൂൾ അധികൃതരെ കണ്ട് സാവകാശം ചോദിച്ചിരുന്നു. എന്നാൽ പിന്നീട് കുട്ടിയുടെ ആയ സ്കൂൾ ബസിൽ കുട്ടിയെ മറ്റു വിദ്യാർഥികളുടെ മുന്നിൽ വച്ച് അധിക്ഷേപിക്കുകയും ഇനി മുതൽ ബസിൽ കയറരുതെന്ന താക്കീത് ചെയ്യുകയും ചെയ്തു. ഇത് സംബന്ധിച്ച് പിടിഎയ്ക്കും ബാലാവകാശ കമ്മീഷനും പരാതി നൽകിയിരുന്നു. പരാതി നൽകിയതിന്റെ പേരിൽ കുട്ടിക്ക് വലിയ പീഡനങ്ങളാണ് നേരിടേണ്ടിവന്നതെന്ന് ജില്ലാ പോലീസ് ചീഫിനു നൽകിയ പരാതിയിൽ പറയുന്നു.
ഫീസിനത്തിൽ 7000 രൂപയോളം കുടിശിക അടയ്ക്കുകയും ചെയ്തു. എന്നാൽ വീണ്ടും കുട്ടിയെ ബസിൽ കയറുന്നതിൽനിന്നും വിലക്കുകയും ക്ലാസിൽ കുട്ടിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്യുന്നുവെന്നും പരാതിയിൽ പറയുന്നു.
സ്കൂളിനെതിരേ പരാതി നൽകിയതിന്റെ പേരിൽ കുട്ടിക്ക് മാനസിക പീഡനമെന്ന് പരാതി
12:35 AM Feb 09, 2017 | Deepika.com