മൂ​ന്നു​നോ​ന്പ് തി​രു​നാ​ളി​ന് ഭ​ക്തി​നി​ർ​ഭ​ര സ​മാ​പ​നം

12:34 AM Feb 09, 2017 | Deepika.com
കു​റ​വി​ല​ങ്ങാ​ട്: ല​ക്ഷോ​പ​ല​ക്ഷ​ങ്ങ​ളി​ലേ​ക്ക് പു​ത്ത​ൻ ആ​ത്മീ​യ​ത സ​മ്മാ​നി​ച്ച് മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി​യി​ലെ മൂ​ന്നു​നോ​ന്പ് തി​രു​നാ​ളി​ന് സ​മാ​പ​ന​മാ​യി. ഇ​ട​വ​ക​ക്കാ​രു​ടെ തി​രു​നാ​ളെ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന സ​മാ​പ​ന​ദി​ന​ത്തി​ൽ രാ​പ​ക​ൽ​ഭേ​ദ​മെ​ന്യെ ഭ​ക്ത​ജ​ന​പ്ര​വാ​ഹ​മാ​യി​രു​ന്നു. തി​രു​നാ​ളി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പ്ര​ദ​ക്ഷി​ണ​ത്തി​ൽ ആ​യി​ര​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.
ഇ​ട​വ​ക​യു​ടെ സം​ഘ​ശ​ക്തി​യും മു​ത്തി​യ​മ്മ ഭ​ക്ത​രു​ടെ കൂ​ട്ടാ​യ്മ​യും വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു പ്ര​ദ​ക്ഷി​ണം. വ​ലി​യ​പ​ള്ളി​യി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ദ​ക്ഷി​ണ​ത്തി​ൽ മാ​ർ യൗ​സേ​പ്പി​താ​വി​ന്‍റെ​യും ദൈ​വ​മാ​താ​വി​ന്‍റെ​യും ഒൗ​ഗേ​ൻ പു​ണ്യ​വാ​ള​ന്‍റെ​യും തി​രു​സ്വ​രൂ​പ​ങ്ങ​ളാ​ണ് സം​വ​ഹി​ച്ച​ത്. മു​ത്തു​ക്കു​ട​ക​ളും കൊ​ടി​തോ​ര​ണ​ങ്ങ​ളും വാ​ദ്യ​മേ​ള​വും ഒ​രു​മി​പ്പി​ച്ച് വ​ലി​യ ആ​ത്മീ​യ ആ​ഘോ​ഷ​ത്തി​ന്‍റെ അ​നു​ഭൂ​തി​യാ​ണ് കൈ​മാ​റി​യ​ത്. വ​ലി​യ​പ​ള്ളി​യി​ൽ നി​ന്ന് ജൂ​ബി​ലി ക​പ്പേ​ള​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ക്കു​ന്പോ​ൾ​ത​ന്നെ പ​ള്ളി​യും പ​രി​സ​ര​വും ഭ​ക്ത​സാ​ഗ​രം ക​ണ​ക്കെ​യാ​യി​രു​ന്നു. വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ മാ​ധ്യ​സ്ഥ്യം തേ​ടി അ​നേ​ക​ർ ക​ഴു​ന്നെ​ടു​ത്ത് പ്രാ​ർ​ഥി​ക്കാ​നു​മെ​ത്തി​യി​രു​ന്നു. ദൈ​വ​മാ​താ​വി​ന്‍റെ അ​നു​ഗ്ര​ഹം തേ​ടി മു​ടി​യും വ്യാ​കു​ല​വും എ​ഴു​ന്നെ​ള്ളി​ച്ച് പ്രാ​ർ​ഥി​ച്ച​വ​രും ഏ​റെ​യാ​യി​രു​ന്നു.
സ​മാ​പ​ന​ദി​ന​മാ​യി​രു​ന്ന ഇ​ന്ന​ലെ കോ​ത​മം​ഗ​ലം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കി. ഇ​ന്ന് ഇ​ട​വ​ക​യി​ലെ മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​ദി​ന​മാ​യി ആ​ച​രി​ക്കും. 5.30നും 6.30​നും വി​ശു​ദ്ധ കു​ർ​ബാ​ന. 7.30ന് ​വി​കാ​രി റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് ഒ​പ്പീ​സ്.