മുടങ്ങികിടന്ന കലുങ്ക് നിർമാണത്തിന്സർക്കാർ അനുമതിയായി

11:30 PM Feb 08, 2017 | Deepika.com
അടിമാലി: ദേശീയപാത 85–ൽ വനംവകുപ്പ് തടഞ്ഞ നിർമാണ പ്രവർത്തനം തുടരുന്നതിന് ദേശീയപാത വിഭാഗത്തിന് അനുമതി നൽകി സർക്കാർ ഉത്തരവായി. ആറുമാസമായി നിലച്ചിരുന്ന റോഡ് വികസന പ്രവർത്തനത്തിനാണ് ചൊവ്വാഴ്ച്ച സർക്കാർ ഉത്തരവിലൂടെ അനുമതി നൽകിയത്.

ഉത്തരവ് പ്രകാരം റോഡിന്റെ മധ്യഭാഗത്തുനിന്നും ഇരുവശങ്ങളിലേക്കും എട്ടുമീറ്റർ വീതിയിൽ നിർമാണം നടത്താം. കൂടാതെ കലൂങ്ക് നിർമിക്കുമ്പോൾ വെള്ളം ഒഴുകിപോകുന്നതിന് റോഡരുകിൽ ഓട നിർമിക്കുന്നതിൽ വനംവകുപ്പ് തടസം നിൽക്കുവാൻ പാടില്ലെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. ഇതുപ്രകാരം മാസങ്ങളായി മുടങ്ങികിടന്നിരുന്ന നിർമാണം തിങ്കളാഴ്ചയോടെ ആരംഭിക്കുവാൻ ദേശീയപാത വിഭാഗം ഉദ്യോഗസ്‌ഥർ നടപടി ആരംഭിച്ചിട്ടുണ്ട്.

നേര്യമംഗലം മുതൽ വാളറ വരെയുള്ള 20 കിലോമീറ്റർ ദൂരത്തിലെ ഒരു കലുങ്ക്, രണ്ട് സംരക്ഷണ ഭിത്തി നിർമാണം എന്നിവയാണ് വനംവകുപ്പ് തടഞ്ഞത്. വനഭൂമി കൈയേറിയാണ് നിർമാണം എന്നായിരുന്നു വനം വകുപ്പിന്റെ വാദം. മൂന്നു പദ്ധതികൾക്കായി 92 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതിൽ കരാർപ്രകാരം മൂന്നു നിർമാണത്തിന്റേയും കാലാവധി കഴിഞ്ഞതാണ്. എന്നാൽ വനംവകുപ്പ് അന്ന് തടഞ്ഞ സാഹചര്യത്തിൽ കാലാവധി നീട്ടണമെന്ന് കാണിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

കഴിഞ്ഞ നവംബർ മൂന്നിന് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പി.കെ. കേശവൻ, ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ എന്നിവർ സ്‌ഥലത്ത് പരിശോധന നടത്തി. വനം മന്ത്രിയുടെ നിർദേശപ്രകാരമായിരുന്നു പരിശോധന. രണ്ടുദിവസത്തിനകം സർക്കാർ ഉത്തരവ് ഇറങ്ങുമെന്നായിരുന്നു വനംവകുപ്പ് ഉദ്യോഗസ്‌ഥർ പറഞ്ഞിരുന്നത്. എന്നാൽ ഇതിന് മൂന്നുമാസം വേണ്ടിവന്നു. ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെ 20 കിലോമീറ്റർ ദൂരം പലയിടത്തും വീതികുറവാണ്. എന്നാൽ ഈ മൂന്നു നിർമാണത്തിന് മാത്രമാണ് അനുമതിയെന്നാണ് വനംവകുപ്പ് പറയുന്നത്.