ദേശീയ വിരവിമുക്‌ത പരിപാടി: പ്രതിരോധ ഗുളിക വിതരണംനാളെ

11:29 PM Feb 08, 2017 | Deepika.com
ആലപ്പുഴ: കേന്ദ്ര–സംസ്‌ഥാന സർക്കാരുകളുടെ നിർദേശാനുസരണം ആരോഗ്യവകുപ്പ് നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ദേശീയ വിരവിമുക്‌ത പരിപാടിയുടെ ഭാഗമായുള്ള രണ്ടാംഘട്ട പ്രതിരോധ ഗുളിക വിതരണം നാളെ നടക്കും. ഒന്നുമുതൽ 19 വയസുവരെയുള്ള കുട്ടികൾക്കായാണ് പ്രതിരോധ ഗുളികകൾ നൽകുന്നത്. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥികൾക്കും ആംഗൻവാടികളിലും ഡേ കെയർ സെന്ററുകളിലെയും കുട്ടികൾക്കാണ് പ്രതിരോധ ഗുളികകൾ നൽകുന്നത്. ഉച്ചഭക്ഷണത്തിനുശേഷം ഒന്നിനു അധ്യാപകർ, ആംഗൻവാടി വർക്കർമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് ഗുളിക നൽകുന്നത്.

രണ്ടുവയസുവരെയുള്ളവർക്ക് 200 മില്ലി ഗ്രാം ഗുളിക തിളപ്പിച്ചാറ്റിയ വെള്ളത്തിൽ അലിയിച്ചു നൽകും. രണ്ടുമുതൽ 19 വയസുവരെയുള്ളവർക്കു 400 മില്ലി ഗ്രാം ഗുളികയാണ് നൽകുന്നത്. ജില്ലയിൽ 450862 കുട്ടികൾക്കാണ് ആൽബന്റസോൾ ഗുളിക നൽകുന്നത്. പ്രതിരോധ മരുന്ന് വിതരണത്തിനായി ആരോഗ്യപ്രവർത്തകർ, അധ്യാപകർ, ആശാവർക്കർമാർ, ആംഗൻവാടി വർക്കർമാർ എന്നിവർക്കു പരിശീലനം നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും സഹകരണത്തോടെ ത്രിതല പഞ്ചായത്തുകളുടെ മേൽനോട്ടത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ജില്ലാതല ഉദ്ഘാടനം ഗവ. മുഹമ്മദൻസ് ബോയ്സ് സ്കൂളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ നിർവഹിക്കും. നാളെ പ്രതിരോധ മരുന്ന് കഴിക്കാത്തവർക്ക് 15നു വീണ്ടും ഗുളിക നൽകുന്നതിനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. സ്കൂളുകളിലും ആംഗൻവാടികളിലും രജിസ്റ്റർ ചെയ്യാത്ത കുട്ടികൾക്കു ആശാവർക്കർമാരുടെ സഹകരണത്തോടെ ആംഗൻവാടികളിലൂടെ ഗുളികകൾ നൽകും. മണ്ണിലൂടെ പകരുന്ന വിരരോഗം തടയുകയെന്ന ലക്ഷ്യത്തോടെയാണ് വിരവിമുക്‌ത ദിനാചരണം നടത്തുന്നത്. പരിപാടിയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർക്കായി ആലപ്പുഴ പ്രസ്ക്ലബ് ഹാളിൽ ആരോഗ്യവകുപ്പ് നേതൃത്വത്തിൽ ശില്പശാല നടത്തി. മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോക്ടർ വിശ്വകല ക്ലാസ് നയിച്ചു. ആർപിഎച്ച് ഓഫീസർ ഡോ. മോഹൻദാസ്, ഡപ്യൂട്ടി മാസ് മീഡിയ ഓഫീസർമാരായ സുജ, ദിലീപ്, ജില്ലാ മെഡിക്കൽ ഓഫീസ് ജീവനക്കാരായ സുമ, സരിത തുടങ്ങിയവർ പങ്കെടുത്തു.