കൊച്ചി: കാക്കനാട് രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ നടന്ന ആറാമത് ’ക്രയോണ്‍സ്-2017’ ആഘോഷങ്ങൾ സമാപിച്ചു. അശരണരായ കുട്ടികളുടെ മികച്ച ഭാവി ലക്ഷ്യമിട്ട് വണ്ടർലാ ഹോളീഡേയ്സ് ലിമിറ്റഡിന്റെ പങ്കാളിത്തത്തോടെ കോളജ് കാന്പസിൽ നടന്ന പരിപാടിയിൽ വാഴക്കുളം ബാലഭവൻ ജേതാക്കളായി.
രാജഗിരിയിലെ ബിസിനസ് സ്റ്റഡീസ് വിഭാഗം വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന ആഘോഷങ്ങളിൽ പ്രമുഖ ഗാനരചയിതാവ് ഔസേപ്പച്ചൻ മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസം വെറും കച്ചവടം മാത്രമായിക്കൊണ്ടിരിക്കുന്പോൾ സാമൂഹിക പ്രതിബദ്ധതയോടെ രാജഗിരി സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികൾ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.
കൊച്ചി വണ്ടർലാ ഹോളീഡേയ്സ് ബ്രാഞ്ച് ഹെഡ് രവികുമാർ ക്രയോണ്‍സ്-2017ന്റെ ഉദ്ഘാടനം നിർവഹിച്ചു. ഡോ. ജോസഫ്. ഐ. ഇഞ്ചോടി (എക്സിക്യൂട്ടീവ് ഡയറക്ടർ), പ്രഫ. മനോജ് മാത്യു, ഫാ. ഫ്രാൻസിസ് മണവാളൻ, സോഷ്യൽ ജസ്റ്റിസ് ഓഫീസർ പ്രീതി വിൽസണ്‍ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. അശരണരായ വിദ്യാർഥികളിൽ പ്രത്യാശയുടെ പുഞ്ചിരി പരത്തുകയെന്ന ലക്ഷ്യത്തോടെ "സീസണ് ഓഫ് സ് മൈൽ’ എന്നതാണ് ക്രയോണ്‍സ്-2017ന്റെ ആപ്തവാക്യം.
കൊച്ചിയിലെ 30ൽ അധികം അശരണാലയങ്ങളിൽനിന്നായി 450ൽ അധികം കുട്ടികൾ ആഘോഷങ്ങളിൽ പങ്കെടുത്തു. നൃത്തം, ചിത്രരചന, നിധിവേട്ട, കഥയെഴുത്ത്, പ്രച്ഛന്നവേഷം തുടങ്ങിയ മത്സര ഇനങ്ങളിലാണ് വിദ്യാർഥികൾ മാറ്റുരച്ചത്. വിജയികൾക്കുള്ള സമ്മാനങ്ങൾ ബിസിനസ് ഗ്രൂപ്പായ ഐടിസി ആണ് സ്പോണ്സർ ചെയ്തത്.
രാജഗിരിയിൽ "ക്രയോണ്‍സ്-2017’ സമാപിച്ചു; വാഴക്കുളം ബാലഭവൻ ജേതാക്കൾ
01:39 AM Feb 08, 2017 | Deepika.com