ഹരിപ്പാടും ചെങ്ങന്നൂരും വെളിയിട വിസർജന വിമുക്‌ത നഗരങ്ങൾ

11:43 PM Feb 07, 2017 | Deepika.com
ആലപ്പുഴ: ജില്ലയിലെ ആദ്യ വെളിയിട വിസർജന വിമുക്‌ത(ഒഡിഎഫ്) നഗരങ്ങളായി ഹരിപ്പാടും ചെങ്ങന്നൂരും തെരഞ്ഞെടുക്കപ്പെട്ടു. ജില്ലയിലെ ആറു നഗരസഭകളിൽ ആദ്യം നേട്ടം കൈവരിച്ച് പ്രഖ്യാപനം നടത്തിയത് ഹരിപ്പാട് നഗരസഭയാണ്. 111 കക്കൂസുകൾ പുതുതായി നിർമിച്ചു നൽകിയാണ് എല്ലാ വീടുകളിലും കക്കൂസ് ഉള്ള നഗരമായി ഹരിപ്പാട് മാറിയത്. ചെങ്ങന്നൂർ നഗരസഭ 108 കക്കൂസുകൾ പുതുതായി നിർമിച്ചു നൽകി. മാർച്ച് 31നകം എല്ലാ നഗരങ്ങളും ഒഡിഎഫ് ആയി പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 10 കക്കൂസുകളുടെ നിർമാണം കൂടി പൂർത്തീകരിച്ചാൽ മാവേലിക്കര നഗരസഭയും ഒഡിഎഫ്. നേട്ടം കൈവരിക്കും.

മൂന്നുദിവസത്തിനുള്ളിൽ നഗരസഭ പ്രഖ്യാപനം നടത്തിയേക്കും. ഇവിടെ 110 കക്കൂസുകളാണ് പുതുതായി നിർമിച്ചു നൽകുന്നത്. 148 എണ്ണം പുനരുദ്ധരിക്കുകയാണ്. ഇതിൽ 248 എണ്ണം പൂർത്തീകരിച്ചു. കായംകുളം നഗരസഭയിൽ 247 കക്കൂസുകളാണ് പുതുതായി നിർമിക്കുന്നത്. ഇതിൽ 134 എണ്ണം പൂർത്തീകരിച്ചു. 113 എണ്ണത്തിന്റെ നിർമാണം പുരോഗമിക്കുന്നു. ചേർത്തല നഗരസഭയിൽ 300 കക്കൂസുകൾ പുതുതായി നിർമിക്കുകയും 270 എണ്ണം പുനരുദ്ധരിക്കുകയും ചെയ്യുന്നു. മൊത്തം 570 കക്കൂസ് നിർമാണ പ്രവൃത്തികളിൽ 65 എണ്ണം പൂർത്തീകരിച്ചു. 503 എണ്ണത്തിന്റെ നിർമാണം പുരോഗമിക്കുന്നു.

രണ്ടെണ്ണത്തിന് കരാർ വച്ചിട്ടില്ല. ആലപ്പുഴ നഗരസഭയിൽ 413 കക്കൂസുകൾ പുതുതായി നിർമിക്കും. 35 എണ്ണം പുനരുദ്ധരിക്കും. മൊത്തം 448 എണ്ണത്തിൽ 16 എണ്ണം പൂർത്തീകരിച്ചു. 432 എണ്ണത്തിന്റെ നിർമാണം പുരോഗതിയിലാണ്. ഹരിപ്പാട് നഗരസഭ കഴിഞ്ഞ നാലിനും ചെങ്ങന്നൂർ ആറിനും ഒഡിഎഫ്. പ്രഖ്യാപിച്ച് പ്രമേയം പാസാക്കി. ഇരു നഗരസഭകളിലെയും പ്രവൃത്തികൾ കേന്ദ്രസർക്കാർ പരിശോധനയ്ക്ക് നിയോഗിച്ച ക്വാളിറ്റി കൺട്രോൾ ഓഫ് ഇന്ത്യയുടെ വിദഗ്ധർ പരിശോധിക്കും. ഇതിനുശേഷമാണ് ഔദ്യോഗികതല പ്രഖ്യാപനം നടക്കുക.