എരുമേലിയിൽ ലൈസൻസില്ലാത്ത ശൗചാലയങ്ങൾ ഒട്ടേറെ: നടപടികൾ തുടങ്ങി

12:29 AM Jan 07, 2017 | Deepika.com
എരുമേലി: ശബരിമല സീസണുകളിൽ വൻ തോതിൽ വരുമാനം കൊയ്യുമ്പോഴും ശൗചാലയ സമുച്ചയങ്ങളുടെ ഉടമകൾക്ക് ലൈസൻസില്ല. പരാതി വിജിലൻസിന് ലഭിച്ചതോടെ എരുമേലി ഗ്രാമപഞ്ചായത്തധികൃതരോട് തൽസ്‌ഥിതി സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശമെത്തി. എത്ര ശൗചാലയങ്ങൾ വാണിജ്യാടിസ്‌ഥാനത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ലൈസൻസുളളവ എത്രയെന്നും റിപ്പോർട്ടിൽ അറിയിക്കണം. ഇതോടെ നടപടികളിലേക്ക് കടന്നിരിക്കുകയാണ് ഗ്രാമപഞ്ചായത്ത്.

എവിടെ നോക്കിയാലും കക്കൂസ് എന്ന വലിയ ബോർഡുകൾ നിറഞ്ഞ എരുമേലിയിൽ ഏതാനും സ്വകാര്യ വ്യക്‌തികളുടെ ശുചിമുറികൾക്ക് മാത്രമാണ് നിയമാനുസൃത രേഖകളുളളത്. ലൈസൻസില്ലാത്തതെല്ലാം അടച്ചുപൂട്ടാൻ നിർദേശിച്ച് പഞ്ചായത്തധികൃതർ ഇന്നലെ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. തുടർന്ന് പരിശോധനയുണ്ടാകും. ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതികളില്ലാതെ ലൈസൻസ് അനുവദിക്കില്ല. ലൈസൻസ് പുതുക്കാത്തവർക്കെതിരേയും അടച്ചുപൂട്ടൽ നടപടിയുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. തോടുകളിലും മണിമലയാറിലും കക്കൂസ് മാലിന്യമൊഴുകി കുടിവെളള പദ്ധതികൾ മലിനപ്പെട്ടു തുടങ്ങിയതോടെയാണ് ഉദ്യോഗസ്‌ഥരുടെ കൃത്യവിലോപം ആരോപിച്ച് പോലീസിലെ വിജിലൻസ് വിഭാഗത്തിന് പരാതിയെത്തിയത്.