മോഷണം ഭിക്ഷപാത്രത്തിലും: ഓടിയ മോഷ്‌ടാവിനെ പിടികൂടി

12:29 AM Jan 07, 2017 | Deepika.com
എരുമേലി: കടതിണ്ണയിൽ അവശനായി കിടന്ന വികലാംഗനായ യാചകൻ ഭിക്ഷയായി കിട്ടുന്ന പണം എവിടെയാണ് സൂക്ഷിക്കുന്നതെന്നറിയാൻ മോഷ്‌ടാവ് നടത്തിയ തന്ത്രം വിജയിച്ചെങ്കിലും പണമെടുത്ത് ഓടിയ ഉടൻ പിടി വീണു. ഇന്നലെ രാവിലെ ആറോടെ എരുമേലി ടൗണിനടുത്ത് ചരളയിലാണ് സംഭവം.

യാചകൻ കാലിന് സ്വാധീനമില്ലാത്തതിനാൽ പുറകെ ഓടി വരില്ലന്നാണ് മോഷ്‌ടാവ് കരുതിയത്. ഈ ധൈര്യത്തിനാണ് യാചകൻ പണം സൂക്ഷിച്ച് വെക്കുന്നത് നാടകീയമായി കണ്ടുപിടിച്ച ശേഷം പണമെടുത്തുകൊണ്ട് ഓടിയത്. യാചകന് മുമ്പിൽ അൻപത് രൂപ ഭിക്ഷയായി ഇട്ടു കൊടുത്ത ശേഷം മോഷ്‌ടാവ് മാറി നിന്ന് യാചകനെ നിരീക്ഷിച്ചു. അതിരാവിലെ ചോദിക്കാതെ തന്നെ ഭിക്ഷ കിട്ടിയ സന്തോഷത്തിൽ ഈ തുക ഭിക്ഷാസമ്പാദ്യം സൂക്ഷിക്കുന്ന സഞ്ചിയിലെടുത്ത് വെച്ച് അകമഴിഞ്ഞ നന്ദിയോടെ ഭിക്ഷാടകൻ നോക്കുമ്പോഴാണ് പണമിട്ടയാൾ ഓടിയെത്തുന്നത്. ഭിക്ഷാടകൻ അന്തം വിട്ടിരിക്കെ ഇയാൾ സഞ്ചി തട്ടിപ്പറിച്ചെടുത്ത് ഓടി.

എന്നാൽ ഇതെല്ലാം പത്രവിതരണക്കാരനും നാട്ടുകാരനുമായ ഒരു യുവാവ് കാണുന്നുണ്ടായിരുന്നു. മോഷ്‌ടാവിനെ പിന്തുടർന്ന് ഓടി ഈ യുവാവ് പിടികൂടി. ഓട്ടം കണ്ട് നാട്ടുകാരും തടിച്ചുകൂടി. വിവരമറിഞ്ഞ ചിലർ മോഷ്‌ടാവിനെ കൈകാര്യം ചെയ്തു. പോലീസെത്തി യാചകന്റെ പണം തിരികെ കൊടുത്ത ശേഷം മോഷ്‌ടാവിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മോഷ്‌ടാവ് എറണാകുളം സ്വദേശിയാണെന്നും ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് പറഞ്ഞു. മോഷ്‌ടാവിനെ പിടികൂടിയത് ചരള സെന്റ്മേരി സ്വദേശി മോനിഷ് ആണ്.