വിവിധ വകുപ്പുകളുടെ ഏകോപനം സാക്ഷ്യപ്പെടുത്തി ദേശീയപാതയിൽ ഗ്യാസ്ടാങ്കർ അപകട മോക്ഡ്രിൽ

11:37 PM Jan 06, 2017 | Deepika.com
പാലക്കാട്: ദേശീയ പാതയിൽ കഞ്ചിക്കോട് പാചക വാതകവുമായി പോകുന്ന ടാങ്കറിന്റെ പുറകിൽ അമോണിയ കയറ്റി വന്ന മിനി ലോറി ഇടിച്ച് പാചകവാതകവും അമോണിയയും ചോർന്നു. ആകസ്മികമായുണ്ടാകുന്ന അപകടങ്ങൾ എങ്ങനെ തരണം ചെയ്യണമെന്നും വിവിധ വകുപ്പുകളുടെ ഏകോപനം എങ്ങനെ നടപ്പാക്കണമെന്നും ഉദ്യോഗസ്‌ഥർക്ക് പരിശീലനം നൽകുന്നതിന്റെ ഭാഗമായാണ് മോക് ഡ്രിൽ നടത്തിയത്. ജില്ലാ ഭരണകാര്യാലയമാണ് പരിശീലനത്തിന്റെ ഭാഗമായാണ് ദേശീയ പാതയിൽ വ്യാജ അപകടം സൃഷ്ടിച്ചത്. രാവിലെ 11ന് ദേശീയ പാതയിൽ കഞ്ചിക്കോട് സത്രപ്പടി ജങ്്ഷനിൽ റെയിൽവെ സ്റ്റേഷനും ശിവൻ കോവിലിനുമിടയിലാണ് വ്യാജ അപകടം നടത്തിയത്.

അപകടം നടന്നയുടനെ ലോറി ഡ്രൈവർ 100–ൽ വിളിച്ച് പൊലീസിനെ അറിയിക്കുകയും പൊലീസ് നൽകിയ വിവരപ്രകാരം ഫയർ ഫോഴ്സ് മിനിറ്റുകൾക്കകം സ്‌ഥലത്തെത്തി ദേശീയ പാതയിൽ കൂട്ടുപാതയിലും വൈസ്പാർക്കിലും പോലീസ് ഗതാഗതം തടസ്സപ്പെടുത്തി വാഹനങ്ങൾ വഴിതിരിച്ചു വിട്ടു.

അപകട വിവരം അറിഞ്ഞയുടനെ ജില്ലാ കളക്ടറേറ്റിൽ ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) ഡോ: എം.സി.റെജിലിന്റെ നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.കഞ്ചിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിനോടും ജില്ലാ ആശുപത്രിയോടും മുന്നൊരുക്കങ്ങൾ നടത്താൻ നിർദേശം നൽകി. ഡി.എം.ഒ.യുടെ നേതൃത്വത്തിൽ ഡോക്ടർമാരടങ്ങുന്ന ആരോഗ്യ സംഘം സ്‌ഥലത്തെത്തി അപകടത്തിൽപ്പെട്ടവർക്ക് പ്രാഥമിക ശുശ്രൂഷകൾ നൽകി ആശുപത്രിയിലേയ്ക്ക് മാറ്റി. ദേശീയ ദുരന്തനിവാരണ സേനയും ഫയർ ഫോഴ്സും ചേർന്ന് അമോണിയ സിലിണ്ടറിന്റെയും ഗാസ് ടാങ്കറിന്റെയും ചോർച്ച ശാസ്ത്രീയമായ രീതിയിൽ അവസാനിപ്പിച്ചു. അസി. കളക്ടർ അഫ്സാന പർവീൺ സ്‌ഥലത്തെത്തി പ്രദേശവാസികളെ സുരക്ഷിതയിടങ്ങളിലേയ്ക്ക് മാറ്റി നിർദേശം നൽകി. കഞ്ചിക്കോട് യു.പി.സ്കൂളിലെ വിദ്യാർഥികളെയും പ്രദേശവാസികളെയും സുരക്ഷിതയിടങ്ങളിലേയ്ക്ക് മാറ്റുന്നതിനുള്ള നിർദേശം നൽകി . ചോർച്ചയുള്ള ഗാസ് ടാങ്കറിലെ പാചകവാതകം എച്ച്.പി.സി.എൽ.–ലെ ഉദ്യോഗസ്‌ഥർ മറ്റൊരു ടാങ്കറിലേയ്ക്ക് മാറ്റി.ഫാക്റ്ററീസ് ആൻഡ് ബോയിലേസ് ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തി പാചക വാതക ചോർച്ച അവസാനിച്ചെന്നും അന്തരീക്ഷത്തിൽ കലർന്ന വാതകങ്ങളെ നിർവീര്യമാക്കിയെന്നും അറിയിച്ചതോടെ രണ്ട് മണിക്കൂർ നീണ്ടുനിന്ന മോക്ക് ഡ്രില്ലിന് അവസാനമായി.മോക്ക് ഡ്രില്ലിന് ശേഷം പരിശീലനത്തിൽ പങ്കെടുത്തവരുടെയും വകുപ്പുദ്യോഗസ്‌ഥരുടെയും യോഗം ചേർന്ന് പോരായ്മകൾ വിലയിരുത്തി.

അസിസ്റ്റന്റ് കളക്ടർ അഫ്സാന പർവീൺ , ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) ഡോ: എം.സി.റെജിൽ, കെമിക്കൽ ഇൻസ്പെക്ടർ എം.ടി. റെജി, ഫാക്റ്ററീസ് ആൻഡ് ബോയിലേസ് ഇൻസ്പെക്ടർ മുനീർ , എൻ.ഡി,ആർ.എഫ്.മേധാവി ശ്രീജിത്ത്, എച്ച്.പി.സി.എൽ ഉദ്യോഗസ്‌ഥർ എന്നിവർ മോക്ക് ഡ്രില്ലിന് നേതൃത്വം നൽകി.