റിസർവ് ബാങ്കിന്റെ വിശ്വാസ്യത നരേന്ദ്രമോദി ഇല്ലാതാക്കി: കെ.സി. വേണുഗോപാൽ എംപി

11:37 PM Jan 06, 2017 | Deepika.com
പാലക്കാട്: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിശ്വാസ്യത പോലും നരേന്ദ്രമോദി ഇല്ലാതാക്കി എന്ന് മുൻ കേന്ദ്രമന്ത്രിയും എംപിയുമായ കെ സി വേണുഗോപാൽ. ജനങ്ങളെ കബളിപ്പിക്കുന്നതിൽ വിദഗ്ദനാണ് മോദി.

ബാങ്കുകളിൽ ഇപ്പോൾ വായ്പ കൊടുക്കാൻപോലും പണമില്ല. ഏകാധിപത്യത്തിന്റെ ശൈലിയുമായാണ് മോദി മുന്നോട്ടുപോവുന്നത്. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹെഡ്പോസ്റ്റോഫീസിന് മുൻപിൽ നടത്തിയ പിക്കറ്റിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അറുപത് ദിവസക്കാലമായി ഓരോ സാധാരണക്കാരനും ദുരിതം അനുഭവിക്കുകയാണ്. നോട്ട് നിരോധിച്ചതിനെ തുടർന്ന് ഇത്തരമൊരു സാഹചര്യം ഉണ്ടായത്. തന്റെ മന്ത്രിസഭയിലെ മന്ത്രിമാർപോലും അറിയാതെയാണ് ഇത്തരമൊരു തീരുമാനം എടുത്തത്. കോൺഗ്രസ് പ്രസ്‌ഥാനം പ്രധാനമന്ത്രിയുടെ തീരുമാനം മുഖവിലയ്ക്ക് എടുത്തിരുന്നു. എന്നാൽ ഇതിന് തക്ക പരിഹാരം ഒന്നും ഉണ്ടായില്ല. നോട്ടുകൾ നിരോധിക്കുമ്പോൾ ബദൽ സംവിധാനമെന്ന നിലയിൽ നടപടികൾ അത്യാവശ്യമാണ്. ഇതൊന്നും 60 ദിവസമായും സാധ്യമായില്ല. എ ടി എമ്മുകളിൽ പോലും പണമില്ല. അതേസമയം കള്ളപ്പണക്കാർ സുരക്ഷിതമായി അവരുടെ പണം മാറുകയും ചെയ്തു. നോട്ട് നിരോധനത്തിന്റെ കാര്യത്തിൽ കേന്ദ്രസർക്കാർ സമ്പൂർണ പരാജയമാണ്.

നവംബർ എട്ടിന് എടുത്ത തീരുമാനങ്ങളിൽ നിന്നും ഓരോ മണിക്കൂറുകളിലും മോദി പിന്നാക്കം പോവുകയാണ്. ചെറുകിട കർഷകരുടെ ജീവിതം തന്നെ ദുസ്സഹമായി. നാൽപ്പത്തി എട്ട് ലക്ഷത്തിലധികം പേർക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തു. ആത്മാഭിമാനം ഉണ്ടെങ്കിൽ മോദി രാജിവെയ്ക്കുകയാണ് വേണ്ടതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി ചൂണ്ടിക്കാണിച്ച അഴിമതി ആരോപണം തെറ്റാണെങ്കിൽ ആരോപണ വിധേയനായ കോർപ്പറേറ്റ് മേധാവിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അയക്കാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു.

പാർലമെന്റിൽ നിന്ന് മോദി ഒളിച്ചോടുകയാണ്. കള്ളപ്പണം ഇല്ലാതാക്കാനും തീവ്രവാദികൾക്ക് കള്ളനോട്ട് ലഭ്യമാക്കാതിരിക്കാനും വേണ്ടിയാണ് നോട്ട് നിരോധനം എന്നായിരുന്നു മോദിയുടെ വാദം. ഇത് രണ്ടും ശരിയല്ലെന്നും ഇപ്പോൾ വ്യക്‌തമായിരിക്കുകയാണ്. പണംകൊണ്ട് മോദിയും റേഷൻകൊണ്ട് പിണറായിയും ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. ഏകാധിപത്യത്തിന്റെ ശൈലിയുമായി മുന്നോട്ടുപോകുന്ന മോദി സർക്കാർ ആത്മാർത്ഥ ഉണ്ടെങ്കിൽ കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്നും കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു.

കോൺഗ്രസ് ഒരു സിംഹമാണ്. മിക്ക സമയങ്ങളിലും മിക്ക സമയങ്ങളിലും അത് ഉറങ്ങിക്കിടക്കുകയാണ്. എന്നാൽ സിംഹം ഉണർന്നാൽ അത് ഏത് മോദിയേയും ചരിത്രത്തിലേക്ക് തിരിച്ചുകൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ അധ്യക്ഷനായിരുന്നു. മയൂര ജയകുമാർ, വി.എസ്.വിജയരാഘവൻ, സി.വി.ബാലചന്ദ്രൻ, കെ എ ചന്ദ്രൻ, പി ജെ പൗലോസ്, എ രാമസ്വാമി, സി ചന്ദ്രൻ, ഷാഫിപറമ്പിൽ എം എൽ എ, വി.ടി.ബലറാം എംഎൽഎ, സി പി മുഹമ്മദ്, വി.സി.കബീർ, വിജയൻ പൂക്കാടൻ, പി വി രാജേഷ്, എ തങ്കപ്പൻ, കെ അപ്പു, എം ആർ രാമദാസ്, സി ടി സെയ്തലവി, ടി പി ഷാജി, കെ ഭവദാസ് തുടങ്ങിയവർ സംബന്ധിച്ചു.