ഒറ്റപ്പാലം താലൂക്ക് അദാലത്തിൽമുന്നൂറിലധികം പരാതികൾ

11:37 PM Jan 06, 2017 | Deepika.com
പാലക്കാട്: ഒറ്റപ്പാലം താലൂക്കിലെ പൊതുജനങ്ങളുടെ അടിസ്‌ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പി. ഉണ്ണി എം.എൽ.എ, ജില്ലാ കലക്ടർ പി. മേരിക്കുട്ടി എന്നിവർ കരിമ്പുഴ പഞ്ചായത്ത് ഹാളിൽ നടത്തിയ പരാതി പരിഹാര അദാലത്തിൽ റീസർവെയിലെ അപാകതകളുമായി ബന്ധപ്പെട്ട് 300 ലധികം പരാതികൾ ലഭിച്ചു.കരിമ്പുഴ ഒന്ന് രണ്ട് വില്ലേജുകളിൽ റീസർവെയുമായി ബന്ധപ്പെട്ട് 5000–ത്തിലധികം പരാതികൾ നിലവിലുളളതായി അദാലത്തിൽ വ്യക്‌തമായി.

ഇവയെല്ലാം പ്രത്യേക സർവേ സംഘത്തെ രൂപവത്കരിച്ച് ആറുമാസത്തിനകം സർവേ പൂർത്തിയാക്കാൻ തീരുമാനമായി. റേഷൻ കാർഡ് മുൻഗണനാ പട്ടികയിൽ ഉൾപ്പെടുന്നതുമായി ബന്ധപ്പെട്ട 43–ഓളം പരാതികളിൽ പുന:പരിശോധന നടത്തും. ഇതിനു പുറമെ പട്ടികജാതി പട്ടിക വർഗ വകുപ്പ്, ആരോഗ്യ വകുപ്പ്, സാമൂഹിക നീതി വകുപ്പ്, വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി, പഞ്ചായത്ത് എന്നിവയുമായി ബന്ധപ്പെട്ട പരാതികളുമുൾപ്പെടെ മൊത്തം 500 പരാതികളാണ് അദാലത്തിൽ ലഭിച്ചത്. പരിഹാരമാകാത്ത പരാതികൾ രണ്ടാഴ്ച്ചക്കകം തീർപ്പാക്കി ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകാനും അദാലത്തിൽ എം.എൽ.എ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്‌ഥർക്ക് നിർദ്ദേശം നൽകി.