സമ്പൂർണ ഒഡിഎഫ് പ്രദേശങ്ങളിൽ പ്രവർത്തനം സജീവമാക്കും: ജില്ലാ ശുചിത്വ സമിതി

11:37 PM Jan 06, 2017 | Deepika.com
പാലക്കാട്: സമ്പൂർണ ഒ.ഡി.എഫ് നടപ്പായ പ്രദേശങ്ങളിൽ റിസോഴ്സ് പേഴ്സൺസിന്റെ സേവനം ഉപയോഗപ്പെടുത്തി തുടർപ്രവർത്തനങ്ങൾ സജീവമാക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ .ശാന്തകുമാരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ ശുചിത്വ സമിതി യോഗം തീരുമാനിച്ചു. ഇതിനായി ഇവർക്കുളള പരിശീലനം സമയബന്ധിതമായി പൂർത്തിയാക്കും. ഒരു ഗ്രാമപഞ്ചായത്തിൽ രണ്ടുപേരും ബ്ലോക്ക്തലത്തിൽ മൂന്നും, നഗരസഭാ തലത്തിൽ അഞ്ച് പേരെയുമാണ് ഇതിനായി നിയോഗിക്കുക. പ്രദേശങ്ങളിൽ പദ്ധതിയുടെ സമ്പൂർണനേട്ടം ഉറപ്പാക്കാനും ശുചിമുറികൾ ഉപയോഗപ്രദമാകുന്നുണ്ടോ എന്ന് വിലയിരുത്താനുമായി റിസോഴ്സ് പേഴ്സൺസിനു പുറമെ ആശാവർക്കർമാരെ കൂടി ഉൾപ്പെടുത്താൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യോഗത്തിൽ നിർദ്ദേശിച്ചു.

ഒഡിഎഫ് പദ്ധതിയിൽ അട്ടപ്പാടിയിൽ അനർഹരുള്ളതായ ആരോപണത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിൽ മേഖലയിലെ എ.ടി.എസ്.പി(അട്ടപ്പാടി ട്രൈബൽ സബ് പ്ലാൻ) പദ്ധതിയിൽ ഉൾപ്പെടുത്തി 2608 ഉം ഹഡ്കോ പദ്ധതിയിൽ ഉൾപ്പെടുത്തി 360 ഉം പി.എം.എ.വൈ പദ്ധതിയിൽ ഉൾപ്പെട്ട 1080 ഉം എണ്ണം നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഭവനങ്ങളിൽ നിബന്ധനപ്രകാരം ശുചിമുറികൾ നിലവിലുണ്ട്. ഇതിനു പുറമെ ശുചിത്വമിഷൻ–പഞ്ചായത്ത് ഫണ്ടുകൾ ഇത്തരം ഭവനനിർമ്മാണത്തിന് ഉപയോഗിക്കാൻ പാടില്ലെന്ന് നിർദേശിച്ചതിനാലാണ് മേഖലയിലെ 3776 വീടുകൾ ഒ.ഡി.എഫ് പദ്ധതിയിൽ ഉൾപ്പെടാതിരുന്നത് എന്ന് ശുചിത്വമിഷൻ കോഡിനേറ്റർ യോഗത്തിൽ അറിയിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേബറിൽ നടന്ന യോഗത്തിൽ ശുചിത്വമിഷൻ കോഡിനേറ്റർ ടോമി, ജില്ലാ പ്ലാനിങ് ഓഫീസർ ഏലിയാമ്മ നൈനാൻ, ജില്ലാ പട്ടികജാതി വികസന ഓഫീസർ എസ്. നസീർ മറ്റു ഉദ്യോസ്‌ഥർ പങ്കെടുത്തു.