ഹൈറേഞ്ചിലെ കാടുകളിൽ വാറ്റുകേന്ദ്രങ്ങളുംനായാട്ട് സംഘങ്ങളും സജീവമാകുന്നു

11:36 PM Jan 06, 2017 | Deepika.com
രാജാക്കാട്: ഒരിടവേളയ്ക്കുശേഷം ഹൈറേഞ്ചിലെ കാടുകൾ വ്യാജമദ്യലോബികളും നായാട്ടുസംഘങ്ങളും വ്യാപിക്കുന്നു. രാജാക്കാട് പൊന്മുടി വനമേഖലയിൽനിന്നും ഉടുമ്പൻചോല എക്സൈസ് നടത്തിയ പരിശോധനയിൽ നൂറുലിറ്റർ കോടയും വാറ്റുപകരണങ്ങളും കെണിയിൽ വീണു ചത്ത മുള്ളൻപന്നിയെയും കണ്ടെത്തി.

ഉടുമ്പൻചോല എക്സൈസ് ഇൻസ്പെക്ടർ വൈ. പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് നൂറുലിറ്റർ കോട കണ്ടെത്തിയത്. എന്നാൽ പ്രതിയെ കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല.

തുടർന്ന് സമീപത്തു നടത്തിയ തിരച്ചലിൽ കെണിയിൽവീണ് ചത്തനിലയിൽ മുള്ളൻപന്നിയേയും കണ്ടെത്തുകയായിരുന്നു. പത്തുകിലോയോളം തൂക്കംവരുന്നതാണ് മുള്ളൻപന്നി. പിടിച്ചെടുത്ത കോട ഉദ്യോഗസ്‌ഥർ നശിപ്പിച്ചു. മുള്ളൻപന്നിയെ വനപാലകർക്കു കൈമാറി. വനമേഖലയുടെ ഭൂരിഭാഗം പ്രദേശത്തും സംഘം തിരച്ചിൽ നടത്തി.