റിപ്ലബ്ലിക്ദിന പരേഡിൽ ന്യൂമാന്റെ യശസുയർത്തി സച്ചിൻ ഡൽഹിയിൽ

11:36 PM Jan 06, 2017 | Deepika.com
തൊടുപുഴ: എൻസിസിയുടെ പരമോന്നത ക്യാമ്പായ റിപ്പബ്ലിക് ദിനപരേഡ് ടീമിലേക്ക് ന്യൂമാൻ കോളേജിലെ രണ്ടാം വർഷ വാണിജ്യശാസ്ത്ര വിദ്യാർഥിയായ സച്ചിൻ മാത്യു തെരഞ്ഞെടുക്കപ്പെട്ടു. ഡ്രിൽ, ഗാർഡ് ഓഫ് ഓണർ, കലാഭിരുചി, വ്യക്‌തിഗതമികവ്, എൻസിസി പരിജ്‌ഞാനം എന്നിങ്ങനെ വിവിധ മേഖലകളിലുള്ള കേഡറ്റിന്റെ വൈദഗ്ധ്യമാണ് ആർഡിസി തെരഞ്ഞെടുപ്പിൽ നിർണായകമാകുന്നത്.

പതിനഞ്ചുലക്ഷത്തോളം അംഗബലമുള്ള എൻസിസി സേനയിൽ കേരള–ലക്ഷദ്വീപ് ഡയറക്ടറേറ്റിലുള്ള അൻപതിനായിരത്തോളം കേഡറ്റുകളിൽ നിന്നു സീനിയർ ഡിവിഷനിൽ 40 പേരാണ് ഈ വർഷം ആർഡിസി ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

നൂറുദിവസം പിന്നിട്ട ശ്രമകരമായ സെലക്ഷൻ പ്രക്രിയയിൽ തെരഞ്ഞെടുക്കപ്പെട്ട സച്ചിൻ, കരിമണ്ണൂർ സബ് ഇൻസ്പെക്ടർ കുമാരമംഗലം വട്ടക്കുന്നേൽ വി.യു. മാത്യു – റെജി ദമ്പതികളുടെ മകനാണ്. 2016–ലെ തൽസൈനിക് ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച ന്യൂമാൻ കോളേജ് എൻസിസി യൂണിറ്റിനു പൊൻതൂവലായി സച്ചിന്റെ ഈ നേട്ടം. കോട്ടയം ഗ്രൂപ്പ് ടീമിൽ ഈ വർഷം ടിഎസ്സി, ആർഡിസി വിഭാഗങ്ങളിൽ ഏഴു കേഡറ്റുകളെ സംഭാവന ചെയ്യാൻ കോളജിന് കഴിഞ്ഞു.

റിപ്പബ്ലിക്ദിന പരേഡിൽ കേരള–ലക്ഷദ്വീപ് ടീമിൽ 18 കേരള ബറ്റാലിയനിൽ നിന്നുള്ള ഏക കേഡറ്റായ സച്ചിൻ ഇടുക്കി ജില്ലയുടെ ഏക എൻസിസി പ്രതിനിധി കൂടിയാണ്.

ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക്ദിന പരേഡിൽ പങ്കെടുക്കുന്ന കേരള–ലക്ഷദ്വീപ് ടീമിൽ സ്‌ഥാനം നേടി കോളജിന്റെയും, 18 കേരള ബറ്റാലിയന്റെയും അഭിമാനമായി മാറിയ സച്ചിൻ മാത്യുവിനെ 18 കേരള കമാൻഡിംഗ് ഓഫീസർ കേണൽ അയയ് സൂധ്, കോളജ് പ്രിൻസിപ്പൽ റവ.ഡോ.വിൻസെന്റ് നെടുങ്ങാട്, എൻസിസി ഓഫീസർ ലഫ്. പ്രജീഷ് സി. മാത്യു, കോളജ് വൈസ് പ്രിൻസിപ്പൽ റവ. ഡോ.മാനുവൽ പിച്ചളക്കാട്ട്, ബർസാർ ഫാ. തോമസ് പൂവത്തിങ്കൽ എന്നിവർ അഭിനന്ദിച്ചു.