റാങ്ക്ലിസ്റ്റ് നോക്കുകുത്തിയാക്കി ഒഴിവുകളിൽ താൽക്കാലികനിയമനം

11:36 PM Jan 06, 2017 | Deepika.com
തൊടുപുഴ: കഷ്‌ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതി റാങ്ക്ലിസ്റ്റിൽ ഇടംപടിച്ചവരെ നിയമിക്കാൻ അധികൃതർ തയാറാകാത്തതു ഉദ്യോഗാർഥികളെ വലയ്ക്കുന്നു. വകുപ്പുമേധാവികളും യൂണിയൻകാരും താൽക്കാലികക്കാരെ തിരുകി കയറ്റി റാങ്ക് ലിസ്റ്റിനെ നോക്കു കുത്തിയാക്കി മാറ്റുകയാണ്.

ഒഴിവുകൾ യഥാസമയം റിപ്പോർട്ടു ചെയ്യുന്നതിൽ ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ ഭാഗത്തുനിന്നുണ്ടായ പിടിപ്പുകേടു മൂലം ജില്ലയിൽ സർക്കാർ ജോലിയെന്ന സ്വപ്നം പൊലിഞ്ഞ ഉദ്യോഗാർഥികൾ നിരവധിയാണ്. റാങ്ക്ലിസ്റ്റുകൾ തെരഞ്ഞുപിടിച്ചു കാലാവധി നീട്ടിയ പിഎസ്സിയും ഒഴിവുകൾ പൂഴ്ത്തിവച്ച് താൽക്കാലികക്കാരെ തിരുകിക്കയറ്റിയ വകുപ്പ് മേധാവികളും വർഷങ്ങളായി തൊഴിൽ കാത്തിരുന്നവരെ വഞ്ചിച്ചിരിക്കുകയാണെന്ന് ഉദ്യോഗാർഥികൾ പറയുന്നു.

ജില്ലയിൽ മാർച്ചിനകം കാലാവധി തീരുന്ന 186 റാങ്ക്ലിസ്റ്റുകളാണ് ആകെയുള്ളത്. ഇവയിൽ 176 എണ്ണത്തിെൻറ കാലാവധി കഴിഞ്ഞ ഡിസംബർ 31 വരെയായിരുന്നു. ഇതിൽ നിന്നു ഇതുവരെ കാലാവധി നീട്ടാത്ത 106 റാങ്ക്ലിസ്റ്റുകളുടെ കാലാവധി മാത്രമാണ് സർക്കാർ ശിപാർശ പ്രകാരം പിഎസ്സി നീട്ടിനൽകിയത്.

ഇതോടെ ശേഷിക്കുന്ന 70 റാങ്ക്ലിസ്റ്റുകളിലുള്ളവർക്ക് തൊഴിലവസരം നഷ്‌ടപ്പെടുകയായിരുന്നു. മൂന്നരവർഷം പൂർത്തിയായ സിവിൽ സപ്ലൈസ് അസി. സെയിൽസ്മാൻ റാങ്ക്ലിസ്റ്റും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു.

കോർപറേഷനു കീഴിലെ സ്‌ഥാപനങ്ങളിൽ സെയിൽസ്മാൻമാരുടെ നിരവധി ഒഴിവുകൾ ഉള്ളതായി നിലവിൽ ഇവിടങ്ങളിൽ ജോലിചെയ്യുന്ന ജീവനക്കാർ പറയുമ്പോഴും കഴിഞ്ഞ മൂന്നരവർഷത്തിനിടെ 200 ഓളം പേരെ മാത്രമാണ് ലിസ്റ്റിൽനിന്ന് നിയമിച്ചത്. ഇവരിൽ പലരും ജോലിക്ക് ചേരാതിരുന്നതുമൂലമുണ്ടായ ഒഴിവുകളും മറ്റ് ഒഴിവുകളും ബന്ധപ്പെട്ട ഡിപ്പോ മാനേജർമാർ മുകളിലേക്ക് റിപ്പോർട്ട് ചെയ്യാതെ പൂഴ്ത്തിവെക്കുകയായിരുന്നു. കഴിഞ്ഞ ജൂൺ 30 നു കാലാവധി തീർന്ന ലിസ്റ്റിെൻറ കാലാവധി ആറുമാസം കൂടി നീട്ടിയെങ്കിലും ഈ കാലയളവിൽ അഞ്ചുപേരെ മാത്രമാണ് നിയമിച്ചത്. ഇവയിൽ നാലെണ്ണവും എൻജെഡി ഒഴിവുകളായിരുന്നു.

ഒഴിവുകളുണ്ടെന്നു വിവരാവകാശ മറുപടിയിൽ വ്യക്‌തമാക്കിയ നെടുങ്കണ്ടം, മൂന്നാർ ഡിപ്പോകളിൽ ഭരണകക്ഷി യൂണിയനുകളുടെ സമ്മർദത്തിനുവഴങ്ങി താൽക്കാലികക്കാരെ തിരുകിക്കയറ്റുകയാണ് വകുപ്പ് മേധാവികൾ ചെയ്തത്. ജില്ലയിലെ പല സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലും 20 വർഷം വരെ സർവീസുള്ള താൽക്കാലികക്കാർ സെയിൽസ്മാൻമാരായി ജോലിചെയ്യുന്നുണ്ട്.

ഇവരുടെ നിയമനത്തിലൂടെ ഭരണകക്ഷി യൂണിയനുകൾ ലക്ഷങ്ങളാണ് സമ്പാദിച്ചത്. എന്നിട്ടും സ്‌ഥിരം ജീവനക്കാർ എത്തുന്നത് തങ്ങളുടെ കമീഷൻ ഇടപാടുകളെ ബാധിക്കുമെന്ന ഡിപ്പോ മാനേജർമാരുടെ ആശങ്കയും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കാൻ കാരണമാണ്. കാലാവധി മുമ്പു നീട്ടിനൽകിയെങ്കിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിനാൽ നിയമനം ലഭിക്കാതിരിക്കുകയും അതേസമയം, നേരത്തേ നീട്ടിയതിെൻറ പേരിൽ ലിസ്റ്റ് ഇപ്പോൾ റദ്ദാക്കുകയും ചെയ്തതോടെ ഉദ്യോഗാർഥികൾക്ക് വൻ തിരിച്ചടിയാണ് നേരിട്ടത്.ഇപ്പോൾ കാലാവധി നീട്ടിയ ഭൂരിഭാഗം ലിസ്റ്റിലുള്ളവർക്കും നിയമനം നിഷേധിക്കും വിധത്തിലുള്ള നടപടികളാണ് വകുപ്പ് മേധാവികൾ സ്വീകരിക്കുന്നത്.