പുരുഷാധിപത്യത്തിനെതിരേ കഥപറഞ്ഞ് സായൂജ്യ

03:04 AM Jan 06, 2017 | Deepika.com
തൃക്കരിപ്പൂർ: എച്ച്എസ്എസ് വിഭാഗം കഥാരചനയിൽ സൗത്ത് തൃക്കരിപ്പൂർ ജിഎച്ച്എസ്എസിലെ പ്ലസ്ടു സയൻസ് വിദ്യാർഥിനി സായൂജ്യ വിജയന് ഒന്നാം സ്‌ഥാനം. സ്ത്രീസമത്വം കൊട്ടിഘോഷിക്കപ്പെടുന്ന ഇക്കാലത്ത് സ്ത്രീകളെ പിന്നിൽ നിർത്താനാണ് പുരുഷമേധാവിത്തമുള്ള സമൂഹം ശ്രമിക്കുന്നതെന്നാണ് കുറുക്കന്റെ സുവിശേഷം എന്ന കഥയിലൂടെ സായൂജ്യ പറയുന്നത്.

ഒരു പഴയ ഗ്രൂപ്പ് ഫോട്ടോ എന്നതായിരുന്നു കഥാരചനയുടെ വിഷയത്തെ ആസ്പദമാക്കി കുറുക്കൻ സുവിശേഷം എന്ന കഥ രചിച്ചത്. കാലൻകോഴി കൂവുന്ന നട്ടപ്പാതിരയ്ക്ക് ആ സ്വപ്നം വന്നെത്തിയത് എന്റെ അസ്തിത്വത്തിന് മേലേയ്ക്കായിരുന്നു എന്നാരംഭിക്കുന്ന കഥയിൽ കോളജ് ജീവിതകാലത്തെടുത്ത നഷ്‌ടപ്പെട്ട ഗ്രൂപ്പ് ഫോട്ടോയുടെ കഥയിലൂടെ സമൂഹത്തിന് വർഗവേർതിരിവാണ് ചൂണ്ടിക്കാട്ടുന്നത്. എൻ.എസ്.മാധവനെയും വി.എം.ദേവദാസിനെയും ഏറെയിഷ്‌ടപ്പെടുന്ന സായൂജ്യ മുമ്പ് കഥാരചനയിൽ സംസ്‌ഥാന കലോത്സവത്തിൽ ഒന്നാം സ്‌ഥാനം നേടിയിരുന്നു. വിദ്യാരംഗം കലോത്സവത്തിലും സംസ്‌ഥാനതലത്തിൽ പങ്കെടുത്തിരുന്നു. തൃക്കരിപ്പൂർ തെക്കുമ്പാട്ടെ ആശാരി ടി.വി.വിജയൻ–അധ്യാപികയായ സുശീല ദമ്പതികളുടെ ഏക മകളാണ്.