വഹീദയാണ് താരം

03:04 AM Jan 06, 2017 | Deepika.com
തൃക്കരിപ്പൂർ: എച്ച്എസ്എസ് വിഭാഗം കവിതാരചനയിൽ ഒന്നാം സ്‌ഥാനം നേടിയ കാടങ്കോട് ജിഎഫ്എച്ച്എസ്എസിലെ പ്ലസ്ടു സയൻസ് വിദ്യാർഥിനി ഫാത്തിമത്തുൽ വഹീദ കുട്ടിക്കവയിത്രി കൂടിയാണ്. വഹീദയുടെ 40 കവിതകളുടെ സമാഹാരമായ മഴജീവിതം ചെറുവത്തൂർ തേജസ്വിനി ബുക്സ് കഴിഞ്ഞവർഷം പ്രസിദ്ധീകരിച്ചിരുന്നു. സാഹിത്യകാരൻ അംബികാസുതൻ മാങ്ങാടാണ് ഇതിന്റെ പ്രകാശനം നിർവഹിച്ചത്. ഒഎൻവിയെയും സുഗതകുമാരിയെയും ഇഷ്‌ടപ്പെടുന്ന ഈ കൊച്ചുമിടുക്കി ഇതിനകം നൂറോളം കവിതകൾ രചിച്ചിട്ടുണ്ട്.

സ്ത്രീപീഡനം, നോട്ട് നിരോധനം, വൃദ്ധസദനം തുടങ്ങി ആധുനികകാലത്തെ പ്രശ്നങ്ങളെ തീക്ഷ്ണതയോടെയാണ് കവിതാരചന മത്സരത്തിൽ താൻ അവർക്കു വേണ്ടി പ്രാർഥിക്കുകയാണ് എന്ന കവിതയിൽ വരച്ചുകാട്ടിയത്.

അശാന്തിയുടെ മദ്യം മണക്കുന്ന കാപട്യത്തിന്റെ നടുപ്പുരയിൽ അവർക്കുവേണ്ടി പ്രാർഥിക്കുകയാണ് ഞാൻ. നീതിയുടെ സമാധാനത്തിന്റെ പുതിയ നിയമപാലകർക്കായി എന്നു പറഞ്ഞാണ് കവിത അവസാനിപ്പിക്കുന്നത്. ചെറുവത്തൂർ കൈതക്കാട്ടെ അബ്ദുള്ള–ലൈല ദമ്പതികളുടെ മകളാണ്.