ഹെൽത്ത് ഇൻസ്പെക്ടർമാരെ സ്‌ഥലംമാറ്റി; പ്രതിഷേധവുമായി സംഘടനകൾ

03:04 AM Jan 06, 2017 | Deepika.com
കാഞ്ഞങ്ങാട്: കോടതി നിർദേശം മറികടന്നു ആരോഗ്യവകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടർമാരെ അന്യായമായി സ്‌ഥലം മാറ്റിയതിനെതിരെ പ്രതിഷേധം. എൻജിഒ അസോസിയേഷന്റെ നേതൃത്വത്തിൽ കോൺഗ്രസ്–യൂത്ത് കോൺഗ്രസ് നേതാക്കൾ ഡിഎംഒയുടെ ചുമതലയുള്ള ഡെപ്യൂട്ടി ഡിഎംഒ രാംദാസിന്റെ ചേംബറിൽ വിശദീകരണം തേടാനെത്തിയതു വാക്കേറ്റത്തിനും ചെറിയതോതിൽ സംഘർഷത്തിനും ഇടയാക്കി.

ജില്ലയിൽ 17ലേറെ ഹെൽത്ത് ഇൻസ്പെക്ടർമാരെയാണ് ഏതാനും ദിവസങ്ങൾക്കു മുമ്പു സ്‌ഥലംമാറ്റിയത്. ഇതിനെതിരെ ഏതാനംപേർ ഹൈക്കോതിയെ സമീപിച്ച് അനുകൂലവിധി സമ്പാദിച്ചിരുന്നു. പൊതു സ്‌ഥലംമാറ്റമുണ്ടാവാനിരിക്കെ ഇടയ്ക്കുണ്ടായ സ്‌ഥലംമാറ്റം റദ്ദാക്കുന്നെന്നാണ് ഇതു സംബന്ധിച്ചു കോടതി ഉത്തരവുണ്ടായത്. ഇന്നലെ വൈകുന്നേരം നാലരയോടെയാണു എൻജിഒ അസോസിയേഷൻ പ്രവർത്തകരും കോൺഗ്രസ്–യൂത്ത് കോൺഗ്രസ് നേതാക്കളും ഡെപ്യൂട്ടി ഡിഎംഒയോടു വിശദീകരണം ആരാഞ്ഞ് സ്‌ഥലത്തെത്തിയത്.

എൻജിഒ അസോസിയേഷൻ പ്രവർത്തകർ ഡെപ്യൂട്ടി ഡിഎംഒയെ ഘെരാവോ ചെയ്യുന്നെന്ന വാർത്ത അറിഞ്ഞ് എൻജിഒ യൂണിയൻ നേതാക്കളും ഡിവൈഎഫ്ഐ–സിപിഎം പ്രവർത്തകരും സ്‌ഥലത്തെത്തിയതോടെ ആശുപത്രി പരിസരം സംഘർഷഭരിതമായി. ഈ സമയം ഹൊസ്ദുർഗ് അഡീഷണൽ എസ്ഐയുടെ നേതൃത്വത്തിൽ പോലീസെത്തി ക്രമസമാധാന ലംഘനമാണെന്നു പറയുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു.

പിന്നീട് പുറത്തെത്തിയ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലടക്കമുള്ള നേതാക്കളും എസ്ഐയുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു. തികച്ചും സമാധാനപരമായി ചേംബറിൽ പ്രവേശിച്ച തങ്ങളോടു പോലീസാണു കുഴപ്പമുണ്ടാക്കാനെത്തിയതെന്നു ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലും യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വലും ഉൾപ്പെടെയുള്ള നേതാക്കൾ പറഞ്ഞു. എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.പി. കുഞ്ഞുമൊയ്തീൻ, സെക്രട്ടറി സുരേഷ് പെരിയങ്ങാനം, പി.വി.രമേശൻ, എം.വി.രാജഗോപാലൻ, എം.മാധവൻ നമ്പ്യാർ, പി.വൽസല എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്