യുവമോർച്ച വെള്ളം തിളപ്പിക്കൽ

03:02 AM Jan 06, 2017 | Deepika.com
കണ്ണൂർ: കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതി അട്ടിമറിച്ച ഇടത് സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് യുവമോർച്ച സിവിൽ സപ്ലൈസ് ഓഫീസിന് മുന്നിൽ വെള്ളം തിളപ്പിക്കൽ സമരം നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ്് പി.സത്യപ്രകാശ് ഉദ്ഘാടനം ചെയ്തു. ഭക്ഷ്യസുരക്ഷാ പദ്ധതി അട്ടിമറിച്ചതിലൂടെ കേരളത്തിലെ ഇടത് സർക്കാർ പാവപ്പെട്ട ജനങ്ങളെ പട്ടിണിക്കിടുകയാണ് ചെയ്തതെന്നു സത്യപ്രകാശ് പറഞ്ഞു.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസർക്കാർ ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കിയത്. പദ്ധതി പ്രാവർത്തികമാക്കുന്നതുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാർ നേരത്തെതന്നെ സംസ്‌ഥാന സർക്കാരുകൾക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ പദ്ധതിക്ക് അർഹരായ കേരളത്തിലെ ജനങ്ങളുടെ ബിപിഎൽ ലിസ്റ്റ് നൽകാതെ എൽഡിഎഫ് സർക്കാർ നാടകം കളിക്കുകയും അതുവഴി ആടിനെ പട്ടിയാക്കുന്ന നുണപ്രചാരണം നടത്തി കേന്ദ്രസർക്കാരിനെ കരിവാരിത്തേക്കുകയുമാണെന്നും സത്യപ്രകാശ് പറഞ്ഞു.

യുവമോർച്ച ജില്ലാ പ്രസിഡന്റ്് കെ.പി.അരുൺ അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ സമിതി അംഗം പി.കെ.വേലായുധൻ, ജില്ലാ ജനറൽ സെക്രട്ടറി സി.സി.രതീഷ്, സച്ചിൻ പി.രാജ് എന്നിവർ പ്രസംഗിച്ചു.