പിണറായി സർക്കാർ പിന്തുടരുന്നത് മോദിയുടെ ഫാസിസ്റ്റ് നയങ്ങൾ: എം.എൻ. രാവുണ്ണി

03:02 AM Jan 06, 2017 | Deepika.com
കണ്ണൂർ: കമ്യൂണിസ്റ്റ് മന്ത്രിസഭയെന്നവകാശപ്പെടുന്ന കേരളത്തിലെ പിണറായി സർക്കാർ പിന്തുടരുന്നത് കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളാണെന്നു പോരാട്ടം ചെയർമാൻ എം.എൻ. രാവുണ്ണി. 1964 ൽ ഉൾപാർട്ടി കലാപത്തിലൂടെ രൂപപ്പെട്ട സിപിഎം വിപ്ലവത്തിന്റെ പാത പിന്തുടരുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും പിന്നീട് സിപിഎം പൂർണമായും ഭരണവർഗ പാർട്ടിയായി അധപതിച്ചെന്നും രാവുണ്ണി പറഞ്ഞു.

കണ്ണൂർ സ്റ്റേഡിയം കോർണറിൽ മനുഷ്യാവകാശ പ്രവർത്തകരുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിപിഎം ഇപ്പോൾ ഭരണവർഗ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനു എല്ലാവിധ കരിനിയമങ്ങളും ജനങ്ങളുടെ മേൽ ്പ്രയോഗിക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് നിലമ്പൂരിൽ പോലീസ് വെടിവച്ചു കൊന്ന കുപ്പു സ്വാമിയുടെയും അജിതയുടെയും മൃതദേഹങ്ങൾ പൊതുദർശനത്തിന് വെക്കാൻ അനുവദിക്കാതിരുന്നത്. യഥാർഥത്തിൽ ആർഎസ്എസിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തി പൊതുദർശനം തടയിപ്പിക്കുകയാണ് സിപിഎം ചെയ്തതെന്നും രാവുണ്ണി ആരോപിച്ചു. യുഎപിഎ ചുമത്തപ്പെട്ടു കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന രാവുണ്ണി ബുധനാഴ്ചയായിരുന്നു ജാമ്യം ലഭിച്ചു പുറത്തിറങ്ങിയത്. മനുഷ്യാവകാശ കൂട്ടായ്മയ്ക്കു പ്രേമൻ പാതിരിയാട് അധ്യക്ഷത വഹിച്ചു.