കോതമംഗലം: റവന്യു ജില്ലാ ട്രൈബൽ എഡ്യൂഫെസ്റ്റ് കുട്ടന്പുഴയിൽ നടത്തും. ഈ മാസം അവസാനം നടക്കുന്ന ഫെസ്റ്റിന്റെ സംഘാടകസമിതി രൂപീകരണവും വിദ്യാഭ്യാസ അവകാശ നിയമബോധവത്ക്കരണ ലഘുലേഖ വിതരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം ഉദ്ഘാടനം ചെയ്തു.
ബദൽ സ്കൂളുകൾ, ആംഗൻവാടികൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിലെ കുട്ടികളുടെ മികവ് പ്രദർശനം, ആദിവാസികളുടെ പാരന്പര്യമായ ചികിത്സാരീതി, വനവിഭവങ്ങൾ, ആയുധങ്ങൾ, കാർഷിക ഉപകരണങ്ങൾ, സംഗീത ഉപകരണങ്ങൾ എന്നിവയുടെ പ്രദർശനം, കലാരൂപങ്ങൾ എന്നിവയുടെ പ്രോത്സാഹനമാണ് ഫെസ്റ്റ് ലക്ഷ്യമിടുന്നത്. കുട്ടന്പുഴ ട്രൈബൽ ഷെൽട്ടറിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. ബൈജു അധ്യക്ഷത വഹിച്ചു.
ആദിവാസി ഗ്രോത്രവർഗ വിഭാഗം കുട്ടികളുടെ സന്പൂർണ സ്കൂൾ പ്രവേശനവും വിദ്യാഭ്യാസ അവകാശ നിയമവും എന്ന വിഷയത്തിൽ എസ്എസ്എ ജില്ല പ്രോഗ്രാം ഓഫീസർ സജോയി ജോർജ് ക്ലാസെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഗോപി ആസൂത്രണരേഖ അവതരിപ്പിച്ചു.
പഞ്ചായത്തംഗങ്ങളായ ഷീല കൃഷ്ണൻകുട്ടി, കാന്തി വെള്ളക്കയ്യൻ, പി.കെ. തങ്കമ്മ, കെ.ജെ. ജോസ്, സി.പി. അബ്ദുൾ കരിം, ലിസി ആന്റണി, പി.പി. ജബ്ബാർ ബിപിഒ എസ്.എം. അലിയാർ, ബി. രശ്മി എന്നിവർ പ്രസംഗിച്ചു.
ട്രൈബൽ എഡ്യൂഫെസ്റ്റ് കുട്ടന്പുഴയിൽ
02:27 AM Jan 06, 2017 | Deepika.com