ഹരിത എക്സ്പ്രസിന്റെ ജില്ലാപര്യടനത്തിനു സമാപനം

02:06 AM Jan 06, 2017 | Deepika.com
കൊച്ചി: നല്ല വെള്ളത്തിനും വായുവിനും അന്നത്തിനുമായി പ്രവർത്തിക്കാൻ നാടിനെ പാടിയുണർത്തിയ ഹരിത എക്സ്പ്രസ് പര്യടനത്തിനും കലാജാഥയ്ക്കും ജില്ലയിൽ ആവേശകരമായ സമാപനം. സമാപനദിവസമായ ഇന്നലെ എറണാകുളം ബോട്ടുജെട്ടിയിലും കാക്കനാട്ടും ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലും ഹരിതാ എക്സ്പ്രസിന് വൻ സ്വീകരണമാണ് ലഭിച്ചത്. എംഎൽഎമാരും തദ്ദേശസ്വയംഭരണസ്‌ഥാപനങ്ങളുടെ പ്രതിനിധികളും പങ്കെടുത്ത സ്വീകരണച്ചടങ്ങുകളിൽ മാലിന്യമുക്‌ത കേരളം എന്ന ലക്ഷ്യത്തിനായുള്ള ജനകീയ കൂട്ടായ്മ ദൃശ്യമായിരുന്നു.

വിവിധ വാർഡുകളിൽ നിന്നുള്ള വിളംബര ജാഥയോടെയാണ് മുളന്തുരുത്തിയിൽ ഹരിത എക്സ്പ്രസിന്റെ സ്വീകരണത്തിന് ആരംഭമായത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കലാജാഥാംഗങ്ങളെ പച്ചക്കറി കൊണ്ടുള്ള മാലയും ബൊക്കയും നല്കി സ്വീകരിച്ചു.

മാലിന്യം സ്രോതസിൽ തന്നെ സംസ്കരിക്കണമെന്നും പച്ചക്കറികൃഷിക്കുതകുന്ന വിധത്തിൽ മാലിന്യത്തെ പുനരുപയോഗിക്കണമെന്നും എറണാകുളം ബോട്ടുജെട്ടിയിൽ സ്വീകരണച്ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മേയർ സൗമിനി ജെയിൻ പറഞ്ഞു. പുഴയോരങ്ങളും കനാലുകളും കൈയേറുന്നതും സെപ്റ്റിക്ടാങ്ക് മാലിന്യം ഒഴുക്കുന്നതും പരിസ്‌ഥിതിക്ക് അപരിഹാര്യമായ കോട്ടം വരുത്തും. പെരുമ്പാവൂരിൽ നടന്ന സമാപനച്ചടങ്ങോടെ ഹരിത എക്സ്പ്രസിന്റെ രണ്ടു ദിവസം നീണ്ട ജില്ലാ പര്യടനം അവസാനിച്ചു.