കഞ്ചാവുമായി കൊലക്കേസ് പ്രതിയും ബസ് ജീവനക്കാരനും പിടിയിൽ

02:06 AM Jan 06, 2017 | Deepika.com
തൃപ്പൂണിത്തുറ: ഏരൂർ, തൃപ്പൂണിത്തുറ പ്രദേശത്തു നിന്ന് 80 പൊതി കഞ്ചാവുമായി കൊലക്കേസ് പ്രതിയുൾപ്പെടെ രണ്ടു ബസ് ജീവനക്കാരെ തൃപ്പൂണിത്തുറ എക്സൈസ് സംഘം പിടികൂടി. കണ്ണൂർ സ്വദേശിയും പാലാ–എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ശ്രീഭദ്ര ബസിലെ കണ്ടക്ടറുമായ കുന്നുവളപ്പിൽ അനീഷ് (35), കോട്ടയം സ്വദേശിയും കോട്ടയം–എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് മേരീസ് ബസിലെ ജീവനക്കാരനുമായ ബിനു ജോസഫ് (36) എന്നിവരാണ് പിടിയിലായത്.

ഏരൂർ മേൽപ്പാലത്തിനു സമീപത്തുനിന്നാണ് അനീഷിനെ പിടികൂടിയത്. ഇയാൾ കോട്ടയം കണ്ടത്തിൽ ലോഡ്ജ് മാനേജർ ഗോപിനാഥനെ കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതിയാണ്. തൃപ്പൂണിത്തുറ ഗവൺമെന്റ് താലൂക്ക് ആശുപത്രി പരിസരത്തുനിന്നാണ് ബിനു ജോസഫ് പിടിയിലായത്.

കോളജ്, സ്കൂൾ വിദ്യാർഥികൾ, ബസ് ജീവനക്കാർ, യുവാക്കൾ എന്നിവർക്കാണ് പ്രതികൾ കഞ്ചാവ് വിറ്റിരുന്നത്. കഴിഞ്ഞ ആഴ്ചയും കഞ്ചാവുമായി രണ്ടു ബസ് ജീവനക്കാരെ തൃപ്പൂണിത്തുറ എക്സൈസ് സംഘം പിടികൂടിയിരുന്നു. അതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ ബസ് ജീവനക്കാരു കൂടി പിടിയിലാകുന്നത്. സംഘത്തിൽ കൂടുതൽ ബസ് ജീവനക്കാർ ഉൾപ്പെട്ടിട്ടുള്ളതായി എക്സൈസ് സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ഫോൺ മുഖേനയാണ് ഇവർ ഇടപാടുകൾ നടത്തിയിരുന്നത്. ഏതാനും ദിവസങ്ങളായി ഇവർ എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.