ജിസിഡിഎ മുൻ ചെയർമാനുനോട്ടീസ് അയച്ചു

02:06 AM Jan 06, 2017 | Deepika.com
കൊച്ചി: വിശാല കൊച്ചി വികസന അഥോറിട്ടി (ജിസിഡിഎ) ചെയർമാന്റെ ഗസ്റ്റ് ഹൗസിൽനിന്നു വീട്ടുപകരണങ്ങൾ കാണാതായതു സംബന്ധിച്ച് മുൻ ചെയർമാൻ എൻ. വേണുഗോപാലിനു ജിസിഡിഎ നോട്ടീസ് അയച്ചു.

സംഭവത്തിൽ ജിസിഡിഎയ്ക്ക് 1.51 ലക്ഷം രൂപയുടെ ബാധ്യത ഉണ്ടായെന്നും പണം 15 ദിവസത്തിനകം അടയ്ക്കണമെന്നും കാണിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്. വസ്തുവകകൾ കാണാതയതുസംബന്ധിച്ച് ജിസിഡിഎ സെക്രട്ടറി പോലീസിലും പരാതി നൽകി. മേയ് 27നാണ് വേണുഗോപാൽ ഔദ്യോഗിക വസതി ഒഴിഞ്ഞത്. മുൻ സെക്രട്ടറി ആർ. ലാലുവാണ് താക്കോൽ കൈപ്പറ്റിയത്. തുടർന്ന് നാലു ദിവസം താക്കോൽ കൈവശം വച്ചശേഷം 31നാണ് സെക്രട്ടറി വീടിന്റെ ചുമതലയുള്ള എക്സിക്യൂട്ടീവ് എൻജിനിയർക്ക് കൈമാറിയത്.

15 ദിവസത്തിനു ശേഷമാണ് അദ്ദേഹം വീട് തുറന്നു പരിശോധിച്ചതെന്ന് പറയുന്നു. ഈ സമയത്ത് വീട്ടിൽ ചില സാധനങ്ങൾ കാണാതായത് ശ്രദ്ധയിൽപ്പെട്ടുവെന്നും അതിന് 88,000 രൂപയുടെ ബാധ്യത വരുമെന്നും സെക്രട്ടറിക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. എന്നാൽ, അതിൽ തുടർ നടപടിയുണ്ടായില്ല.

ചെയർമാന്റെ വീട്ടിലെ പൊതുമുതൽ കാണായതായതു സംബന്ധിച്ച് അന്വേഷിച്ച് യഥാർഥ ഉത്തരവാദിക്കെതിരേ കേസ് ചുമത്തണമെന്ന് ജിസിഡിഎ സെക്രട്ടറി നൽകിയ പരാതിയിൽ പറയുന്നു.

പുതിയ ജിസിഡിഎ ചെയർമാനായി സി.എൻ. മോഹനൻ ചുമതലയേറ്റശേഷമാണ് എസിയും സോഫയും കട്ടിലും ഫാനും അടക്കമുള്ള ഉപകരണങ്ങൾ കാണാതായ വിവരം പുറത്തു വന്നത്. തുടർന്ന് വീടിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എൻജിനിയർമാരായ ഇ.കെ. ഷൈനി, എ. റീന, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ വി. മോഹനദാസൻ എന്നിവരോട് വിശദീകരണവും ആവശ്യപ്പെട്ടിരുന്നു.എന്നാൽ, തനിക്ക് ജിസിഡിഎയുടെ നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ലെന്നു എൻ. വേണുഗോപാൽ പറഞ്ഞു. നോട്ടീസ് ലഭിച്ച ശേഷം അഭിഭാഷകനോട് ആലോചിച്ച് മറുപടി നൽകും.

എസി അടക്കം കാണാതായ പല ഉപകരണങ്ങളും പിന്നീട് തിരികെ എത്തിയതെങ്ങനെ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കേണ്ടതുണ്ടെന്നും ഇക്കാര്യങ്ങളിൽ അടക്കം നടപടി ആവശ്യമാണെന്നും എൻ. വേണുഗോപാൽ പറഞ്ഞു.താൻ സ്‌ഥാനം ഒഴിഞ്ഞിട്ട് ഏഴു മാസത്തോളമായി. ഇത്രനാളും ഇക്കാര്യങ്ങൾ എന്തുകൊണ്ടു പരിശോധിക്കേണ്ടവർ പരിശോധിച്ചില്ലെന്നും അദ്ദേഹം ആരാഞ്ഞു.