ദീപിക 130–ാം വാർഷികാഘോഷവും പുരസ്കാരദാനവും 9നു കറുകുറ്റിയിൽ

02:06 AM Jan 06, 2017 | Deepika.com
കൊച്ചി: സാക്ഷര കേരളത്തിന്റെ ആദ്യാക്ഷരമായ ദീപികയുടെ 130–ാം വാർഷികാഘോഷം കറുകുറ്റി അഡ്ലക്സ് കൺവൻഷൻ സെന്ററിൽ ഒമ്പതിനു നടക്കും. ദീപിക കൊച്ചി യൂണിറ്റിന്റെ ആതിഥേയത്വത്തിൽ വൈകുന്നേരം ആറിനു നടക്കുന്ന ചടങ്ങ് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും.

വിദ്യാഭ്യാസ സാമൂഹ്യസേവന മേഖലകളിൽ വ്യക്‌തിമുദ്ര പതിപ്പിച്ച വ്യക്‌തികളെയും സ്‌ഥാപനസാരഥികളെയും പുരസ്കാരം നൽകി മന്ത്രി ആദരിക്കും.

രാഷ്ര്‌ടദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മോൺ. മാണി പുതിയിടം അധ്യക്ഷത വഹിക്കും. റോജി ജോൺ എംഎൽഎ, രാഷ്ര്‌ടദീപിക ലിമിറ്റഡ് ഡയറക്ടർ പി.പി. സണ്ണി, കറുകുറ്റി ഫൊറോന വികാരി ഫാ. ജോയി കണ്ണംപുഴ, അങ്കമാലി നഗരസഭാ ചെയർപേഴ്സൺ എം.എ. ഗ്രേസി, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ എന്നിവർ പ്രസംഗിക്കും.

ദീപിക മാർക്കറ്റിംഗ് ജനറൽ മാനേജർ കെ.സി. തോമസ് പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തും. പുരസ്കാരം നേടിയവർ മറുപടി പ്രസംഗവും നടത്തും. ദീപിക ഫ്രണ്ട്സ് ക്ലബ് ഫൊറോന ഡയറക്ടർ ഫാ. ജോഷി വേഴപ്പറമ്പിൽ സ്വാഗതവും ദീപിക കൊച്ചി അഡ്വർടൈസ്മെന്റ് മാനേജർ റെബി ജോർജ് നന്ദിയും പറയും.

മൂലൻസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജോസ് മൂലന് ഔട്ട്സ്റ്റാൻഡിംഗ് റീട്ടെയിൽ സെയിൽസ് അച്ചീവ്മെന്റ് പുരസ്കാരവും കൊരട്ടി പൊങ്ങം നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (എൻഐഎംഐടി) എക്സിക്യൂട്ടിവ് ഡയറക്ടറും പ്രിൻസിപ്പലുമായ ഫാ. സജി പീറ്റർ കണ്ണാപറമ്പിലിനു മാനേജ്മെന്റ് എഡ്യൂക്കേഷൻ ക്രെഡിബിലിറ്റി പുരസ്കാരവും ദുബായ് ഒപ്റ്റിക്കൽസ് മാനേജിംഗ് ഡയറക്ടർ തോമസ് ചാക്കോയ്ക്ക് ഔട്ട്സ്റ്റാൻഡിംഗ് ചാരിറ്റബിൾ കമ്മിറ്റ്മെന്റ് അവാർഡും നവ്യാ ബേക്കേഴ്സ് മാനേജിംഗ് ഡയറക്ടർ ബിജു ജോസഫിനു ബേക്കറി ഫുഡ്സ് മാനുഫാക്ചർ പുരസ്കാരവും നൽകിയാണ് ആദരിക്കുന്നത്.

ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനത്തിനും വിപണനത്തിലും രാജ്യത്തിനകത്തും പുറത്തും വിജയഗാഥ രചിച്ച വ്യക്‌തിത്വമാണു ജോസ് മൂലന്റേത്. സ്വന്തം കൃഷിയിടങ്ങളിൽ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കൾ സംസ്കരിച്ചു നൂറു ശതമാനം ഗുണമേന്മ ഉറപ്പാക്കി വിപണിയിലെത്തിക്കുന്ന മൂലൻസ് ഗ്രൂപ്പിനു വിപുലമായ സൂപ്പർമാർക്കറ്റ് ശൃംഖലയുമുണ്ട്.

ഉന്നതവിദ്യാഭ്യാസമേഖലയിൽ സ്വന്തമാക്കിയ അതിവേഗ കുതിപ്പിന്റെയും മികവിന്റെയും ചരിത്രമാണു ഫാ. സജി പീറ്റർ കണ്ണാപറമ്പിൽ സാരഥിയായ കൊരട്ടി പൊങ്ങം എൻഐഎംഐടിക്കുള്ളത്. ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന നൈപുണ്യയിൽ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികൾ പഠിക്കുന്നുണ്ട്.

ഹോട്ടൽ മാനേജ്മെന്റ് വിദ്യാഭ്യാസ മേഖലയിൽ പുതിയൊരു ദിശാസൂചി കൊണ്ടുവരുന്നതിനു സ്‌ഥാപനത്തിനു സാധിച്ചതായി വിലയിരുത്തപ്പെടുന്നു.

വ്യവസായരംഗത്തു വളർച്ചയുടെ പടവുകൾ വെട്ടിപ്പിടിക്കുമ്പോഴും ജീവകാരുണ്യത്തിന്റെ നന്മവഴികളോടു ചേർന്നു നടക്കുന്നതിന്റെ തിളക്കമാണു ദുബായ് ഒപ്റ്റിക്കൽസിന്റെ മാനേജിംഗ് ഡയറക്ടർ തോമസ് ചാക്കോയെ പുരസ്കാരത്തിനു അർഹനാക്കിയത്. ദുരിതവഴികൾ താണ്ടിയ നൂറുകണക്കിനു പ്രവാസിമലയാളികൾ ഉൾപ്പെടെ ഇദ്ദേഹത്തിന്റെ ജീവകാരുണ്യമനസിന്റെ നന്മ അനുഭവിച്ചവർ നിരവധി. യുഎഇയിലും കേരളത്തിലുമായി ദുബായ് ഒപ്റ്റിക്കൽസിന്റെ കണ്ണട വ്യാപാരശൃംഖലയിൽ എട്ടു ഷോറൂമുകളാണുള്ളത്.

ബിജു ജോസഫ് മാനേജിംഗ് ഡയറക്ടറായ നവ്യ ബേക്കേഴ്സ്, ബേക്കറി രംഗത്ത് ഗുണമേന്മയും പുതുരുചികളും സമ്മാനിക്കുന്നു. അങ്കമാലി കറുകുറ്റിയിൽ ആരംഭിച്ച നവ്യ ബേക്കേഴ്സ് ചുരുങ്ങിയ കാലംകൊണ്ടു രുചിലോകത്തു നവ്യാനുഭവങ്ങൾ പകർന്നു മധ്യകേരളത്തിൽ 22 ഷോപ്പുകളിലേക്കു വളർന്നിട്ടുണ്ട്.