മരടിൽ മാലിന്യ സംസ്കരണ പ്ലാന്റ് സ്‌ഥാപിക്കും: മന്ത്രി കെ.ടി. ജലീൽ

02:06 AM Jan 06, 2017 | Deepika.com
കൊച്ചി: സംസ്‌ഥാന സർക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും മുൻകൈയെടുത്ത് കൊച്ചി നഗരത്തിന്റെ പ്രാന്തത്തിലുള്ള മരടിൽ ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് നിർമിക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ. ഇൻഡോ–ജപ്പാൻ ചേംബർ ഓഫ് കൊമേഴ്സ് പദ്ധതയിൽ പങ്കാളികളാകൻ മുന്നോട്ട് വന്നിട്ടുണ്ട്. കൊച്ചി നഗരത്തിലെയും സമീപ പ്രദേശങ്ങളിലേയും മാലിന്യങ്ങൾ സംസ്കരിക്കുന്നത് ലക്ഷ്യമിട്ടുള്ള പ്ലാന്റ് മരട് മുൻസിപ്പൽ പരിധിയിൽ എവിടെ സ്‌ഥാപിക്കുമെന്നത് പിന്നീട് തീരുമാനിക്കും. 30 സെന്റ് സ്‌ഥലമാണ് ആവശ്യമായി വരുക.

പ്ലാന്റ് നിർമിക്കുന്നതിനും രണ്ടു വർഷത്തേയ്ക്കുമുള്ള നടത്തിപ്പിനും ആവശ്യമായ എല്ലാ ചെലവുകളും ചേംബറായിരിക്കും വഹിക്കുക. മാലിന്യത്തിൽ നിന്ന് വളം നിർമിക്കുന്ന പ്ലാന്റാണ് ഇവിടെ ആരംഭിക്കുന്നത്. രണ്ടു വർഷം ചേംബർ നേരിട്ട് പ്ലാന്റ് നടത്തും. ജപ്പാൻ ടെക്നോളജി ഉപയോഗിച്ചാണ് ഇവിടെ വളം ഉണ്ടാക്കുക. ദിവസവും അഞ്ച് ടൺ മാലിന്യം സംസ്കരിക്കാനാവും. മരട് പദ്ധതി വിജയകരമാണെന്ന് ബോധ്യമായാൽ മാത്രം സമാനമായ പ്ലാന്റുകൾ മറ്റിടങ്ങളിൽ സ്‌ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രി മാലിന്യങ്ങൾ, സാനിറ്ററി നാപ്കിൻ പോലുള്ള വസ്തുക്കൾ എന്നിവയുടെ സംസ്കരണത്തിന് കൂടുതൽ ബയോ മെഡിക്കൽ പ്ലാന്റുകൾ ആവശ്യമാണ്. ഇക്കാര്യത്തിൽ ഐഎംഎയുടെ സഹകരണം പ്രധാനമാണ്. ബ്രഹ്മപുരത്ത് ഐഎംഎയുടെ പ്ലാന്റ് സ്‌ഥാപിക്കുന്നതിന് ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

മാലിന്യമുക്‌ത കേരളത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ആദ്യപദ്ധതിക്കു ഒമ്പതിന് സുൽത്താൻ ബത്തേരിയിൽ തുടക്കംകുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുനിസിപ്പാലിറ്റിയും ഒരു സ്വകാര്യ സ്‌ഥാപനവുമായി ചേർന്നു മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള പ്ലാന്റാണ് ഇവിടെ സ്‌ഥാപിക്കുക. ഇതിന് ആവശ്യമായ മാലിന്യങ്ങൾ മുനിസിപ്പാലിറ്റി നൽകും. വൈദ്യുതി വിറ്റുകിട്ടുന്ന ലാഭവിഹിതത്തിൽ നിന്ന് 25 ശതമാനം മുനിസിപ്പാലിറ്റിക്ക് നൽകും. എന്ത് വിലയ്ക്ക് വൈദ്യുതി വാങ്ങുമെന്ന കാര്യം പിന്നീട് ചർച്ച ചെയ്ത് തീരുമാനിക്കും. മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനെ സർക്കാർ പ്രോത്സാഹിപ്പിക്കുമെന്നും കെ.ടി. ജലീൽ പറഞ്ഞു.