കൽപ്പറ്റ: ശരിയായ രൂപത്തിൽ നടപ്പിലാക്കുകയാണെങ്കിൽ സാന്പത്തിക രംഗത്ത് വൻ മാറ്റങ്ങൾക്ക് കറൻസി രഹിത സന്പദ്വ്യവസ്ഥ വഴിവയ്ക്കുമെന്ന് മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം. ക്രിസ്ത്യൻ കൾച്ചറൽ ഫോറം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ കള്ളപ്പണത്തിന്റെയും അഴിമതിയുടെയും വേരറക്കുന്നതിന് ഒരുപരിധിവരെയെങ്കിലും ഈ നിരോധനവും തുടർന്നു വരുന്ന പരിഷ്കാരങ്ങൾക്കൊണ്ടും സാധിക്കും.
കള്ളപ്പണത്തിന്റെ വ്യാപനം ഇന്ത്യൻ സാന്പത്തിക രംഗത്തിന്റെ നട്ടെല്ലു തകർക്കുന്ന അവസ്ഥയിലാണുള്ളത്. ഇതിനു മാറ്റമുണ്ടായില്ലെങ്കിൽ നമുക്കു മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതിവരും. അതുപോലെ തന്നെ പൊതുരംഗത്തും ഉദ്യോഗസ്ഥ തലത്തിലും വർധിച്ചുവരുന്ന അഴിമതിയും കൈക്കൂലിയും നിയന്ത്രിക്കുന്നതിനും കടലാസ് കറൻസിയുടെ ഉപയോഗം കുറച്ചുകൊണ്ടുവരുന്നതുകൊണ്ടു സാധിക്കും. ജനം പൂർണമായും ഇലക്ട്രോണിക്സ് സാങ്കേതിക വിദ്യയിലൂടെ പണം കൈമാറ്റം ചെയ്യുന്ന രീതിവരുന്നതോടുകൂടി കൈക്കൂലിയുടെ ലോകം അവസാനിക്കും. എന്നാൽ ഈ സാങ്കേതിക വിദ്യയിലേക്കു ജനം മാറാൻ നിയമം മൂലം നിർബന്ധിക്കപ്പെട്ട ഇന്നത്തെ സാഹചര്യത്തിൽ എടിഎം കാർഡുകൾക്കും നെറ്റ്, മൊബൈൽ ആപ്പുകൾ വഴിയുള്ള ഇടപാടുകൾക്കും ഈടാക്കുന്ന സർവീസ് ചാർജ് യുക്തിസഹമാക്കണമെന്നും ഇതുമൂലം ഇന്നു ജനമനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നും ബിഷപ് ആവശ്യപ്പെട്ടു.
പുതിയ രീതിയിൽ കാര്യങ്ങൾ അവതരിക്കപെടുന്പോൾ പൊതുജനത്തിനാവശ്യമായ പരിശീലനം നൽകുന്നതിനുവേണ്ട സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിലും വ്യാപാരസ്ഥാപനങ്ങളിലും മറ്റ് ഇടപാടുകൾ നടത്തേണ്ടുന്ന ഇടങ്ങളിലും ആവശ്യമായ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിലും വലിയൊരുവിഭാഗം ജനം പെട്ടെന്ന് ഈ രംഗത്തേക്കു മാറുന്നതുകൊണ്ട് ഇന്റെർനെറ്റ് കണക്ടീവിറ്റി വർധിപ്പിക്കുന്നതിനും സർക്കാർ മുൻകയ്യെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തു 1991 മുതൽ നടന്നു വരുന്ന സാന്പത്തിക പരിഷ്കരണ നടപടികൾ സൂഷ്മമായി നിരീക്ഷിക്കുന്ന ആർക്കും മനസിലാക്കാൻ സാധിക്കും രാജ്യം ഇത്തരമൊരു മാറ്റത്തിലേക്ക് ചുവടുവെക്കുകയായിരുന്നു എന്ന്. ഏതായാലും മാറാൻ നിർബന്ധിതമായ സ്ഥിതിക്ക് സാങ്കേതിക വിദ്യമാറ്റത്തെ ഉൾക്കൊള്ളുകയും ഉപയോഗിക്കാൻ ആവശ്യമായ പരിശീലനം നേടുകയും വേഗത്തിൽ അതിന്റെ ഗുണഫലങ്ങൾ അനുഭവിക്കുന്നവരായി നാം മാറുകയും വേണം. ജില്ലാ സമ്മേളനത്തിൽ പുതിയ സാങ്കേതിക വിദ്യകൾ വഴിയുള്ള പണം കൈമാറൽ രീതികളേപ്പറ്റി വികാസ് പീഡിയ സംസ്ഥാന കോ-ഓഡിനേറ്റർ സി.വി. ഷിബു ക്ലാസെടുത്തു. ക്രിസ്ത്യൻ കൾച്ചറൽ ഫോറത്തിന്റെ പുതിയകാലഘട്ടത്തിലെ വെല്ലുവിളികളെപ്പറ്റി ഫാ. തോമസ് ജോസഫ് തേരകം ക്ലാസെടുത്തു. അടിയന്തരമായി ഇടവകകൾതോറും ഹെൽപ് ഡെസ്ക്കുകൾ ആരംഭിച്ച് വിശ്വാസികൾക്ക് ഇത്തരം വിഷയങ്ങളിൽ ആവശ്യമായ പരിശീലനം നൽകുന്നതിനുവേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സമ്മേളനത്തിൽ വിവിധവിഷയങ്ങളെ സംബന്ധിച്ച് ഫാ. ജോസ് കൊച്ചറക്കൽ, ഫാ. ബാബു മാപ്ലശേരിൽ എന്നിവർ ക്ലാസുകൾ നയിച്ചു. ജില്ലാ ചെയർമാൻ സാലു ഏബ്രാഹം മേച്ചേരിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ സെക്രട്ടറി ജോസ് താഴത്തേൽ റിപ്പോർട്ടും ട്രഷറർ ജോസഫ് പ്ലാറ്റൊ വരവുചെലവു കണക്കുക്കളും അവതരിപ്പിച്ചു. പുതിയ ജില്ലാ ഭാരവാഹികളായി സാലു ഏബ്രാഹം മേച്ചേരിൽ (ചെയർമാൻ) ജോസഫ് പ്ലാറ്റോ, റെയണ് താഴത്ത്, സിസിലി മോനിപ്പള്ളി (വൈസ് ചെയർപേഴ്സണ്), ജോസ് താഴത്തേൽ (ജനറൽ സെക്രട്ടറി), പുഷ്പ ജോസഫ്, ലോറൻസ് കല്ലോടി, സണ്ണി പുന്നന്താനം (സെക്രട്ടറിമാർ) ആയും സമ്മേളനം തെരഞ്ഞെടുത്തു.
രാജ്യത്ത് കാതലായ മാറ്റം സൃഷ്ടിക്കും: മാർ ജോസ് പൊരുന്നേടം
01:32 AM Jan 06, 2017 | Deepika.com