കൗതുകമായി മണിക്കുട്ടിയും കുട്ടികളും

12:32 AM Jan 06, 2017 | Deepika.com
കടുത്തുരുത്തി: ഒറ്റ പ്രസവത്തിൽ ഒരുപോലെയുള്ള നാല് കുട്ടികളുമായി മണിക്കുട്ടി ആട്. കാപ്പുന്തല ഇട്ടംപറമ്പിൽ ഇ.പി. ഷാജിയുടെ ആടാണ് നാല് ആട്ടിൻകുട്ടികൾക്ക് ഒരു പ്രസവത്തിൽ ജന്മം നൽകിയത്. നിറത്തിലും വലിപ്പത്തിലുമെല്ലാം നാല് ആട്ടിൻകുട്ടികളും ഒരുപോലെയാണ്. ആട്ടിൻകുട്ടികളുടെ ശരീരം മുഴുവൻ ചാരകളറാണ്. കാലിൽ കറുപ്പും നെറ്റിയിൽ വെളുപ്പുമെല്ലാം നാല് കുഞ്ഞുങ്ങൾക്കും ഒരേ പോലെ.

ഒരു പെൺകുട്ടിയും മൂന്ന് ആൺകുട്ടികളുമാണ് മണിക്കുട്ടിക്ക് ഉണ്ടായത്. മണിക്കുട്ടിയുടെ അഞ്ചാമത്തെ പ്രസവമാണ് കൗതുകമായത്. കന്നി പ്രസവത്തിലും രണ്ടാം പ്രസവത്തിലും ഈ രണ്ടു കുട്ടികൾക്ക് ജന്മം നൽകിയ മണിക്കുട്ടി, മൂന്നാമത്തെയും നാലാമത്തെയും തവണ മൂന്ന് കുട്ടികൾക്കു വീതം ജന്മം നൽകിയിരുന്നു. നാല് കുഞ്ഞുങ്ങളും അമ്മയും സുഖമായിരിക്കുന്നതായി വീട്ടുകാർ പറഞ്ഞു.

നാല് മക്കളിൽ രണ്ട് കുഞ്ഞുങ്ങൾക്കു മാത്രമെ മണിക്കുട്ടി പാൽ നൽകുകയുള്ളു. മറ്റു രണ്ടു കുഞ്ഞുങ്ങൾ കുടിക്കാനെത്തിയാൽ മണിക്കുട്ടി ചാടി മാറുകയും കുഞ്ഞുങ്ങളെ ഇടിച്ച് ഓടിക്കുകയും ചെയ്യുന്നതിനാൽ അവ രണ്ടിനെയും കറന്നെടുത്ത പാൽ കുപ്പിയിലാക്കി വീട്ടുകാർതന്നെ കുടിപ്പിക്കുകയാണ്. നാല് ആട്ടിൻകുട്ടികളുള്ളതിനാൽ വീട്ടാവിശ്യത്തിന് ആടിന്റെ പാൽ ലഭിക്കില്ലെന്നു ഷാജിയുടെ അമ്മ ഏലിയാമ്മയും ഭാര്യ റിനിയും പറയുന്നു. മണിക്കുട്ടിയെയും കുഞ്ഞുങ്ങളെയും കാണാൻ ഷാജിയുടെ വീട്ടിൽ കാഴ്ച്ചക്കാർ വർധിക്കുകയാണ്.