റെയിൽവേ മേൽപാലത്തിൽ പൊടിപടലം അസഹനീയം

12:32 AM Jan 06, 2017 | Deepika.com
ചങ്ങനാശേരി: വാഴൂർ റോഡിലെ റെയിൽവേ മേൽപാലവും ഇരുഭാഗത്തേയും അപ്രോച്ച് റോഡും ടാർ ചെയ്യാത്തതുമൂലം ഉയരുന്ന രൂക്ഷമായ പൊടിപടലം വിദ്യാർഥികളെയും വ്യാപാര സ്‌ഥാപനങ്ങളെയും സമീപ വാസികളെയും യാത്രക്കാരേയും ദുരിതത്തിലാക്കി. പൊടിശല്യം രൂക്ഷമായതു വിദ്യാർഥികളടക്കം ആളുകൾക്കു ശ്വാസംമുട്ടലുൾപ്പെടെ രോഗങ്ങൾക്കിടയാക്കുന്നതായി പരാതി ഉയരുന്നു. എസ്ബി, സെന്റ് ആൻസ് സ്കൂളുകളിലെ ഏഴായിരത്തോളം വിദ്യാർഥികൾ, അധ്യാപകർ, സെന്റ് വിൻസെന്റ് പൂവർഹോമിലെ അന്തേവാസികൾ, എഫ്സിസി കോൺവന്റ്, സമീപത്തുള്ള വ്യാപാര സ്‌ഥാപനങ്ങൾ, റെയിൽവേ സ്റ്റേഷനിലും സ്റ്റോപ്പിലും യാത്രയ്ക്കെത്തുന്ന നൂറുകണക്കിനു യാത്രക്കാർ എന്നിവരാണ് പൊടിശല്യത്തിന് അനുദിനം ഇരയാകുന്നത്. ദിവസവും പലപ്രാവശ്യം റോഡും പാലവും നനയ്ക്കുന്നുണ്ടെങ്കിലും രൂക്ഷമായ വേനലിൽ ഇത് പര്യാപ്തമാകുന്നില്ല.

ഗുഡ്സ് ഷെഡ് റോഡിന്റെ തുടക്കത്തിലുള്ള പൈപ്പ് മാറ്റി സ്‌ഥാപിക്കാനുള്ള വാട്ടർ അഥോറിറ്റിയുടെ നടപടികൾ വൈകുന്നതുമൂലമാണ് പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ ടാറിംഗിനു തടസം നേരിട്ടത്. വാഴൂർ റോഡിൽ പാറേൽപ്പള്ളിക്കടുത്തുവരെ പുതിയ പൈപ്പ് സ്‌ഥാപിക്കുന്നതിനു റോഡ് കുഴിക്കുന്നതിന് 47 ലക്ഷം രൂപ വാട്ടർ അഥോറിറ്റി പൊതുമരാമത്ത് വകുപ്പിൽ അടയ്ക്കണം. ഈ തുക കണ്ടെത്താൻ വാട്ടർ അഥോറിറ്റിക്കായിട്ടില്ല. ശമ്പള തീയതിക്കുശേഷം തുക അടയ്ക്കാനാകുമെന്നാണ് വാട്ടർ അഥോറിറ്റി അധികൃതരുടെ വിശദീകരണം. പൈപ്പ് മാറ്റലിന് പണം കണ്ടെത്താൻ സത്വര നടപടികൾ വാട്ടർ അഥോറിറ്റിയുടെ ഭാഗത്തുനിന്നുമുണ്ടാകണമെന്ന അഭിപ്രായം ശക്‌തമായിട്ടുണ്ട്.