മൈക്ക് ചതിച്ചു!

12:32 AM Jan 06, 2017 | Deepika.com
കാഞ്ഞിരപ്പള്ളി: നാടക മത്സരത്തിൽ സ്റ്റേജിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കാതെ സംഘാടകർ. എകെജെഎം വേദിയിൽ സംഘാടകർ ഒരുക്കിയ ശബ്ദസജ്‌ജീകരണത്തിൽ രണ്ടാം ദിനത്തിലുണ്ടായ സാങ്കേതിക തകരാറുകൾ പരിപാടികളെ ബാധിച്ചു. ഇക്കാര്യം പല മത്സരാർഥികളും ആദ്യം തന്നെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും പരിഹാരം കാണാതെയാണ് മൂന്നാം ദിനവും നാടക മത്സരം ആരംഭിച്ചത്. ശബ്ദത്തിലെ അവ്യക്‌തത വേദിയിൽ അരങ്ങേറിയ മത്സരങ്ങൾക്കെല്ലാം വില്ലനായിരുന്നു. നാടകത്തിലെ സംഭാഷണങ്ങൾ അവ്യക്‌തമായാണ് കാണികൾക്കു കേൾക്കാൻ സാധിച്ചിരുന്നത്. മത്സരാർഥികൾ അഭിനയ മികവ് പുലർത്തിയെങ്കിലും സാങ്കേതിക തകരാറുകൾ നാടകങ്ങൾക്ക് വില്ലനായി. ഇന്നലെ രാവിലെ യുപി വിഭാഗവും ഉച്ചകഴിഞ്ഞു ഹൈസ്്കൂൾ വിഭാഗം നാടകവുമാണ് വേദിയിൽ അരങ്ങേറിയത്.