ഓട്ടത്തിനിടെ സ്കൂൾ ബസിന്റെ ടയർ ഊരിത്തെറിച്ചു;ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

12:32 AM Jan 06, 2017 | Deepika.com
പൊൻകുന്നം: ദേശീയപാതയിൽ പൊൻകുന്നത്ത് സ്വകാര്യ സ്കൂൾ ബസിന്റ പിന്നിലെ ചക്രം ഓട്ടത്തിനിടെ ഊരിത്തെറിച്ചു. ഓടിക്കൊണ്ടിരുന്ന മിനിബസ് റോഡിൽ ഉരഞ്ഞു നിന്നതിനാൽ വൻ അപകടം ഒഴിവായി. പൊൻകുന്നത്തെ സ്വകാര്യ സ്കൂളിലെ മിനിബസാണ് അപകടത്തിൽപ്പെട്ടത്.

നാൽപ്പതോളം കുട്ടികളാണ് അപകടം നടക്കുമ്പോൾ ബസിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല. ഇന്നലെ രാവിലെ 8.50ന് കുട്ടികളുമായി സ്കൂളിലേക്കു പോകവേ പൊൻകുന്നം ഗവൺമെന്റ് ഹൈസ്കൂളിനു മുന്നിലാണ് സംഭവം. കാലപ്പഴക്കം ചെന്ന മിനിബസിന്റെ പിന്നിലെ ഇടതുഭാഗത്തെ ചക്രം ഇറക്കം ഇറങ്ങുന്നതിനിടെ ഊരിപ്പോവുകയായിരുന്നു. ഊരിപ്പോയ ചക്രങ്ങളിലൊന്ന് ദേശീയപാതയിലൂടെ താഴേക്ക് ഉരുണ്ടു. ടയർ ഉരുണ്ടു വരുന്നതു കണ്ട ഗവൺമെന്റ് സ്കൂളിലെ ഉൾപ്പടെയുള്ള കാൽനട യാത്രക്കാർ ഓടിമാറുകയായിരുന്നു.

മിനിബസ് പെട്ടെന്ന് ഒരു വശത്തേക്കു ചരിയുന്നതും പിന്നാലെ ടയർ ദേശീയപാതയിലൂടെ ഉരുണ്ടുവരുന്നതും കണ്ട എതിരേ വന്ന കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ പെട്ടെന്നു ബസ് നിർത്തിയതും രക്ഷയായി. കെഎസ്ആർടിസി ബസിലെ ജീവനക്കാരും യാത്രക്കാരും നാട്ടുകാരും ചേർന്നാണ് സ്കൂൾ ബസിലുണ്ടായിരുന്ന വിദ്യാർഥികളെ പുറത്തിറക്കിയത്. സംഭവത്തെത്തുടർന്ന് കുറച്ചുനേരം ദേശീയപാതയിൽ ഗതാഗത തടസവുമുണ്ടായി.