മൂന്നുനോമ്പ് തിരുനാൾ : കുറവിലങ്ങാട്ട് ഓടകളും മീഡിയനും ഉടൻ പൂർത്തീകരിക്കും

12:32 AM Jan 06, 2017 | Deepika.com
കുറവിലങ്ങാട്: കുറവിലങ്ങാട് മേഖലയിലെ എംസി റോഡ് വികസനവുമായി ബന്ധപ്പെട്ട് ഓടകളുടെയും മീഡിയനുകളുടെയും നിർമാണപ്രവർത്തനങ്ങൾ രണ്ടാഴ്ചയ്ക്കകം പൂർത്തീകരിക്കാൻ തീരുമാനം. മർത്ത്മറിയം ഫൊറോന പള്ളിയിലെ മൂന്നുനോമ്പ് തിരുനാളിന്റെ ക്രമീകരണങ്ങൾക്കായി പാലാ ആർഡിഒ കെ. രാജൻ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. പള്ളിക്കവലയിൽ പള്ളി റോഡ് ആരംഭിക്കുന്നിടത്ത് കെഎസ്ടിപി രണ്ടാഴ്ചയ്ക്കകം ടാറിംഗ് പൂർത്തീകരിക്കണമെന്ന് അധ്യക്ഷത വഹിച്ച മോൻസ് ജോസഫ് എംഎൽഎ നിർദേശിച്ചു. പട്ടിത്താനം മുതൽ കുര്യനാട് വരെയുള്ള എംസി റോഡിലേക്ക് പ്രവേശിക്കുന്ന എല്ലാ റോഡുകളുടേയും ആരംഭഭാഗം കെഎസ്ടിപി നിലവാരത്തിൽ ടാറിംഗ് നടത്താനും തീരുമാനമായി.

കോഴാ സെന്റ് ജോസഫ്സ് കപ്പേളയുടെ വശത്തെ ഓട സ്ലാബിട്ട് മൂടി അപകടഭീഷണി ഒഴിവാക്കാനും ഇവിടത്തെ ഓടനിർമാണം പൂർത്തീകരിക്കാനും തീരുമാനിച്ചു. കുറവിലങ്ങാട് ടൗണിലടക്കം അത്യാവശ്യമുള്ളിടത്ത് ഓടയ്ക്ക് മൂടിയിടാനും ടൗണിൽ അപകടകരമായ സാഹചര്യത്തിലുള്ള മൂടി മാറ്റി സ്‌ഥാപിക്കാനും തീരുമാനമെടുത്തു. ദേവമാതാ കോളജ് റോഡ് റീ ടാറിംഗിനായി ഫണ്ട് അനുവദിക്കുമെന്ന് മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.

വിവിധ വകുപ്പുകളിലെ ഉദ്യോഗസ്‌ഥർ സ്വീകരിക്കേണ്ട നടപടികൾ ആർഡിഒ വിശദീകരിച്ചു. ജോസ് കെ. മാണി എംപി, മോൻസ് ജോസഫ് എംഎൽഎ, ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തിൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യൻ, സഖറിയാസ് കുതിരവേലി, ഡിവൈഎസ്പി വി വിനോദ്കുമാർ, പി.സി കുര്യൻ, ചെറിയാൻ മാത്യു, എൻ. മണിലാൽ, തോമസ് ടി. കീപ്പുറം, കെ.ആർ ശശിധരൻനായർ, ഡോ. ഫീലിപ്പോസ് ജോൺ, സഹവികാരിമാരായ ഫാ. പോൾ പാറപ്ലാക്കൽ, ഫാ. ജോർജ് എട്ടുപറയിൽ, ഫാ. ജോസഫ് കുന്നയ്ക്കാട്ട്, ഫാ. മാത്യു വെങ്ങാലൂർ എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി.

പ്രധാന തീരുമാനങ്ങൾ ഇങ്ങനെ: കെഎസ്ടിപി ടൗണിലെ മുഴുവൻ ഓടകളും ശുചീകരിക്കും. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൗൺ പൂർണമായും ശുചീകരണം നടത്തണം. തെരുവ് വിളക്കുക്കൾ പൂർണമായും പ്രകാശിപ്പിക്കും. പള്ളിത്താഴെ –മുണ്ടൻവരമ്പ് റോഡിൽ പൊതുമരാമത്ത് നിക്ഷേപിച്ചിട്ടുള്ള മാലിന്യം നീക്കം ചെയ്ത് വാഹനങ്ങൾക്ക് സുഗമയാത്ര ഒരുക്കണം. പള്ളി റോഡ് ടാറിംഗിൽ അപാകതയുണ്ടെന്ന പരാതിയിൽ റീ ടാറിംഗും മാർക്കിംഗും നടത്തണം. പള്ളി നടയുടെ മുൻവശത്ത് അനധികൃത പാർക്കിംഗ് ഒഴിവാക്കണം. വൈക്കം–പാലാ റോഡിൽ സർവീസ് നടത്തുന്ന ബസുകൾ പള്ളിക്കവലയിലെ ബസ് ടെർമിനലിൽ എത്തും. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ പഞ്ചായത്ത്സ്റ്റാൻഡിൽ പ്രവേശിക്കുമെന്ന് ഉറപ്പാക്കും. തിരുനാൾ ദിനത്തിൽ ആംബുലൻസ് സൗകര്യത്തോടെ മെഡിക്കൽ ടീമിന്റെ സേവനം ലഭ്യമാക്കും. തിരുനാൾ ദിനങ്ങളിൽ കോട്ടയം, പാലാ, വൈക്കം, പിറവം, ചേർത്തല, എറണാകുളം എന്നിവിടങ്ങളിൽ നിന്ന് സെപ്ഷൽ സർവീസ് നടത്തും. ചൊവ്വാഴ്ച കടപ്പൂർക്ക് പ്രത്യേക സർവീസ് നടത്തും. കുറവിലങ്ങാട് പ്രത്യേക ഓപ്പറേറ്റിംഗ് സെന്റർ പ്രവർത്തിപ്പിക്കണം. എക്സൈസ്, പോലീസ് സേവനം ഉറപ്പാക്കും. കുറവിലങ്ങാട് പഞ്ചായത്തിനെ യാചക നിരോധിത മേഖലയായി മാറ്റും. പള്ളിക്കവലയിലുള്ള യാചകരെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റും.