ചരിത്രപരമായ തീരുമാനമെന്നു കർഷകസംഘം

12:05 AM Jan 06, 2017 | Deepika.com
ചെറുതോണി: കുടിയേറ്റ കർഷകർക്ക് ഉപാധികളില്ലാത്ത പട്ടയം നൽകാനുള്ള എൽഡിഎഫ് സർക്കാർ തീരുമാനം ചരിത്രപരമായ നേട്ടമാണെന്നു കർഷകസംഘം ജില്ലാ പ്രസിഡന്റ് സി.വി. വർഗീസ്, സെക്രട്ടറി എൻ.വി. ബേബി എന്നിവർ പറഞ്ഞു.

കർഷകരെ കുടിയേറ്റ മണ്ണിൽ ഉറപ്പിച്ചുനിർത്താൻ എന്നും ധീരമായ നിലപാടു സ്വീകരിച്ചിട്ടുള്ളത് ഇടതുപക്ഷ സർക്കാരുകളാണ്. യുഡിഎഫ് സർക്കാർ 16 ഉപാധികളുള്ള ചതിക്കുഴി തീർത്ത് കടലാസിന്റെ വിലപോലുമില്ലാത്ത പട്ടയം നൽകി കർഷകരെ വഞ്ചിച്ചപ്പോൾ ജനഹിതമറിഞ്ഞു കർഷകർക്കൊപ്പം നിൽക്കാനാണ് എൽഡിഎഫ് സർക്കാർ തീരുമാനമെടുത്തത്. പൂർണമായ വിനിമയ അവകാശവും കൈമാറ്റ സ്വാതന്ത്ര്യവുമുള്ള പട്ടയം നൽകാൻ തീരുമാനിച്ച സർക്കാരിനെ അഭിനന്ദിക്കുന്നതായും കർഷക സംഘം ജില്ലാക്കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.