മുഴുവൻ കർഷകർക്കും ഉപാധിരഹിത പട്ടയം: സ്വാഗതം ചെയ്തു സംഘടനകൾ

12:05 AM Jan 06, 2017 | Deepika.com
ചെറുതോണി: അർഹരായ മുഴുവൻ കർഷകർക്കും ഉപാധിരഹിത പട്ടയം നൽകാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് ഹൈറേഞ്ച് സംരക്ഷണസമിതി, കർഷകസംഘം ഭാരവാഹികളും ജോയ്സ് ജോർജ് എംപിയും അറിയിച്ചു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. റവന്യൂ, വൈദ്യുതി, വനം മന്ത്രിമാരും ഉന്നത ഉദ്യോഗസ്‌ഥരും യോഗത്തിൽ പങ്കെടുത്തു.

പട്ടയത്തിലെ 16 ഉപാധികളും നീക്കംചെയ്യും. മുൻ സർക്കാർ പട്ടയം ലഭിക്കുന്നതിന് ഒരുലക്ഷം രൂപ വരുമാനപരിധി നിശ്ചയിച്ചത് എടുത്തു കളയുന്നതിനും തീരുമാനിച്ചതായി നേതാക്കൾ അറിയിച്ചു. മാർച്ച് 30നകം പതിനായിരം കർഷകർക്ക് ഉപാധിരഹിത പട്ടയം നൽകും. പത്തുചെയിൻ പ്രദേശത്തെ അർഹരായ എല്ലാവർക്കും പട്ടയം നൽകുന്നതിനും തത്വത്തിൽ തീരുമാനമായി. പട്ടയം നൽകുന്നതിനുമുമ്പ് ആവശ്യമായ പരിശോധന നടത്തുന്നതിന് തീരുമാനിച്ചു. വൈദ്യുതി, റവന്യൂ, വനം വകുപ്പുകളുടെ സംയുക്‌ത പരിശോധനയാണ് നടക്കുന്നത്.

ഇടതുമുന്നണി തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പറഞ്ഞിരുന്ന പ്രധാന വാഗ്ദാനങ്ങളിൽ ഒന്നാണ് ഉപാധിരഹിത പട്ടയം. തടിവെട്ടുന്നതിനുള്ള തടസങ്ങൾ നീക്കുന്നതിനും തീരുമാനിച്ചതായും നേതാക്കൾ പറഞ്ഞു. കൃഷിഭൂമിയിൽ നട്ടുവളർത്തിയ മരങ്ങൾ വെട്ടുന്നതിന് നിരോധനം ഏർപ്പെടുത്തി വനംവകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്തിറങ്ങിയ ഈ ഉത്തരവിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.